ലൈംഗിക ചൂഷണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു
മുംബൈ: യുവതി നല്‍കിയ ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് കോടതിയെ സമീപിച്ചത്. ഹരജി ഈ മാസം 24ന് മുംബൈ ഹൈക്കോടതി പരിഗണിക്കും.
ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകും. ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞിരുന്നു.
ഒരു മാസത്തേയ്ക്ക് എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്.
വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്.
എന്നാല്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്റെ പക്കല്‍നിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു.