ഇസ്‌ലാമാബാദ്: ഇസ്‌ലാമോഫോബിയക്കെതിരെ പ്രത്യേക നയതന്ത്ര പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഇത് സംബന്ധിച്ച് യു.എന്‍ ജനറല്‍ സെക്രട്ടറിയെ സമീപിക്കാനും അദ്ദേഹം ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷനോട് (ഒ.ഐ.സി)യോട് ആവശ്യപ്പെട്ടുവെന്നും ദി സ്റ്റേറ്റ്‌സ്‌മെന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്‌ലാമോഫോബിയയുടെ ഏറ്റവും മോശം വശം ഹിന്ദുത്വ പ്രത്യയശാത്രങ്ങള്‍ പ്രചരിക്കുന്ന ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏറ്റവും ആശങ്കാജനകമായ കാര്യം യൂറോപ്പിലെ രാഷ്ട്രീയ മേഖലകളില്‍ ഇസ്‌ലാമോഫോബിയ അതിന്റെ പ്രതിധ്വനം കണ്ടെത്തുന്നത് തുടരുന്നു എന്നതാണ്.
യാത്രാ നിരോധനങ്ങളും വിസ നിയന്ത്രണങ്ങളും പോലുള്ള പുതിയ നിയമനിര്‍മ്മാണങ്ങളിലൂടെയും നയങ്ങളിലൂടെയും ഇസ്‌ലാമോഫോബിയയെ കൂടുതല്‍ ശക്തമായി സ്ഥാപിച്ചെടുക്കുക എന്നതിലേക്കും ഇത് നയിക്കുന്നുണ്ട്,’ ഭൂട്ടോ പറയുന്നു.
ഇന്ത്യ ആദ്യകാലത്ത് ഒരു സെക്യുലര്‍ സ്റ്റേറ്റ് ആയിരുന്നുവെന്നും എന്നാല്‍ ഇന്ന് അത് ഹിന്ദു പ്രാതിനിധ്യമുള്ള സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഭൂട്ടോ പറയുന്നു.
‘ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് ലോകത്തിലെ തന്നെ ഏറ്റവും വലുത്. എന്നിട്ടും അതേ രാജ്യത്തെ മുസ്‌ലിം വിഭാഗങ്ങള്‍ പശുവിന്റെ പേരിലും മറ്റും കൊല്ലപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു.
‘ഇന്ന് ഇസ്‌ലാമോഫോബിയയുടെ ഏറ്റവും മോശമായ പ്രകടനങ്ങളിലൊന്ന് ഹിന്ദുത്വ പ്രചോദിത ഇന്ത്യയിലാണ്. മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് ഭരണം, ഇന്ത്യയുടെ ഇസ്‌ലാമിക പാരമ്പര്യം ഇല്ലാതാക്കാനും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുമുള്ള നൂറ്റാണ്ടുകളോളം പഴക്കമുള്ള പദ്ധതി നടപ്പാക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നെ അന്താരാഷ്ട്ര തലത്തില്‍ ഇസ്‌ലാമോഫോബിയ ചെറുക്കുന്നതിനുള്ള ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. പാകിസ്ഥാനായിരുന്നു ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയം മൂലമുണ്ടായ മൊമെന്റം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.