തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാര്‍ കോഴക്കേസ് നിലച്ചത് മാണി മുഖ്യമന്ത്രിയെക്കണ്ടതിന് ശേഷമെന്ന് ബിജു രമേശ് പറഞ്ഞു. തന്നോട് കേസില്‍ ഉറച്ച് നില്‍ക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി തന്നെ വാക്കുമാറ്റിയെന്നും ബിജു രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നോട് ഉറച്ചു നില്‍ക്കുമല്ലോ എന്ന് ചോദിച്ച പിണറായി സഖാവിനോട് ഞാന്‍ പറഞ്ഞു ഉറച്ച് നില്‍ക്കുമെന്ന്. അന്ന് ബാര്‍ കോഴ കേസില്‍ പ്രതിയായ മാണിസാര്‍ മുഖ്യമന്ത്രിയെ വന്ന് കാണണമെന്ന് പറഞ്ഞു. വീട്ടില്‍ വന്നാല്‍ രണ്ട് ഇഡ്ഡലി തരുമോ എന്ന് വിളിച്ച് ചോദിച്ചു. മാണി സാറ് നേരെ മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയി. പ്രതിയായിരിക്കുന്ന ഒരാള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നു. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കാപ്പി കുടിക്കുന്നു. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ വിളിച്ച് പറയുന്നു മാണിസാറിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടെന്ന്. കേസ് അതോടെ അവസാനിച്ചു,’ ബിജു രമേശ് പറഞ്ഞു.
താന്‍ അന്നും ഇന്നും ഉറച്ച് തന്നെയാണ് നിന്നത്. പക്ഷെ ഈ പറഞ്ഞവരെല്ലാം വാക്ക് മാറിയില്ലേ എന്നതാണ് തന്റെ സങ്കടമെന്നും ബിജു രമേശ് പറഞ്ഞു. ഇങ്ങനെ പോയാല്‍ ആരെയാണ് വിശ്വസിക്കേണ്ടെതെന്നും ബിജു രമേശ് ചോദിച്ചു.
ചെന്നിത്തലയ്‌ക്കെതിരെയും ശിവകുമാറിനെതിരെയും കെ. ബാബുവിനെതിരെയുമൊക്കെ വിജിലന്‍സ് കേസ് എന്നു പറഞ്ഞ് ഇറങ്ങി തിരിക്കുമ്പോള്‍ ഓരോ തവണയും ബുദ്ധിമുട്ടുന്നത് താനാണെന്നും ബിജു രമേശ് പറയുന്നു. കേസിന് മാത്രം ഒരു കോടിയിലേറെ പണം ചെലവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പേര്‍ക്ക് കൗണ്ടര്‍ ഫയല്‍ ചെയ്യാന്‍ പറഞ്ഞെങ്കിലും അതും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ കേസ് നടത്താന്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയും എ.ഡി.എമ്മും അടക്കം നിരവധി പേരാണ് പോയതെന്നും ബിജു രമേശ് പറഞ്ഞു. കേസില്‍ അവര്‍ക്ക് വേണ്ടി വാദിക്കുന്നത് കപില്‍ സിബല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയ നേതാക്കളെയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങളായിട്ടാണ് തോന്നുന്നതെന്നും താന്‍ ആരുടെയും വക്താവല്ലെന്നും ബിജു രമേശ് പറഞ്ഞു.
വളരെ ശക്തമായി ചെന്നിത്തലയ്‌ക്കെതിരെയും ശിവകുമാറിനെതിരെയും മൊഴികൊടുത്ത് നില്‍ക്കുമ്പോള്‍ ഇനിയും ഒത്തു തീര്‍പ്പാകില്ലെന്ന് എന്താണ് ഉറപ്പെന്നും ബിജു രമേശ് ചോദിച്ചു.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് അസംബ്ലിയില്‍ അത്രയേറെ പ്രശ്‌നമുണ്ടാക്കിയ സി.പി.ഐ.എം മാണി വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയിലെടുക്കാന്‍ വരെ തീരുമാനിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. പഴയ കമ്മ്യൂണിസ്റ്റ് ആശയമൊന്നും ഇപ്പോള്‍ പാര്‍ട്ടിക്ക് ഇല്ലെന്നും ബിജു രമേശ് പറഞ്ഞു.
വിജിലന്‍സ് അന്വേഷണം ഒരു പ്രഹസനമായാണ് തോന്നുന്നതെന്നും ബിജു രമേശ് പറഞ്ഞു. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് മാത്രമല്ല, നിരവധി അഴിമതിയുടെ കേസുകള്‍ തന്റെ കയ്യില്‍ ഉണ്ടെന്നും ബിജു രമേശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ അന്ന് എം.എല്‍.എമാരും മന്ത്രിമാരുമായിരുന്ന 36 പേര്‍ക്കെതിരെയുള്ള ഫയല്‍ തന്റെ കയ്യിലുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക