കൊച്ചി: മലയാളത്തിലെ എക്കാലത്തേയും മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി സംവിധായകന്‍ ബിജു മേനോനെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിന് പിന്നാലെ സംവിധായകന്‍ പിന്മാറിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ദൃശ്യം 2ല്‍ അഭിനയിക്കാതിരുന്നതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്.
മറ്റൊരു ചിത്രത്തിന്റെ തിരക്ക് കാരണമാണ് ദൃശ്യം 2ല്‍ അഭിനയിക്കാന്‍ സാധിക്കാതിരുന്നതെന്നാണ് താരം പറയുന്നത്. പ്രതിഫലം കുറഞ്ഞതിനാലാണ് താന്‍ അഭിനയിക്കാതിരുന്നത് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നും എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണെന്നാണ് താരം പറയുന്നത്.
പ്രതിഫലം കൂട്ടിയതാണെന്നുള്ള കാര്യങ്ങള്‍ തന്നെ അറിയുന്നവര്‍ പറയില്ല സിനിമ കണ്ടപ്പോള്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതിരുന്നത് വലിയ നഷ്ടമായി തോന്നിയെന്നും ബിജു മേനോന്‍ പറഞ്ഞു.
2021 ഫെബ്രുവരി 19 നാണ് ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 റിലീസ് ചെയ്തത്. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തിയത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തിയ പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.