Entertainment
ചത്ത ശവത്തെപ്പോലെ നില്‍ക്കരുതെന്ന് എന്നോട് അയാള്‍ പറഞ്ഞത് മമ്മൂക്കക്ക് ഇഷ്ടപ്പെട്ടില്ല, പുള്ളിക്ക് ദേഷ്യം വന്നു: ബിജുക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 09, 01:52 pm
Monday, 9th December 2024, 7:22 pm

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടന്‍. പച്ചക്കുതിരയിലൂടെ സിനിമാലോകത്ത് ചുവടുവെച്ച ബിജുക്കുട്ടന്‍ മമ്മൂട്ടി നായകനായ പോത്തന്‍വാവയിലൂടെ ശ്രദ്ധേയനായി. പിന്നാലെ റിലീസായ ചോട്ടാ മുംബൈയിലെ കഥാപാത്രം കരിയറില്‍ ബ്രേക്ക് ത്രൂവായി മാറി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബിജുക്കുട്ടന് സാധിച്ചു.

പോത്തന്‍വാവ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടന്‍. ചിത്രത്തില്‍ മമ്മൂട്ടിയുമായുള്ള പാട്ടിന്റെ ഷൂട്ടിനിടയില്‍ ബാക്ക്ഗ്രൗണ്ടില്‍ താന്‍ ഡാന്‍സ് ചെയ്യുന്ന സീന്‍ ഉണ്ടായിരുന്നെന്ന് ബിജുക്കുട്ടന്‍ പറഞ്ഞു. ആദ്യത്തെ ഷോട്ടില്‍ താന്‍ ഉണ്ടായിരുന്നെന്നും രണ്ടാമത്തെ ഷോട്ട് എടുക്കുന്ന സമയത്ത് താന്‍ അതില്‍ ഇല്ലായിരുന്നെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് താന്‍ അധികം മൂവ്‌മെന്റ് ഒന്നുമില്ലാതെ മാറിനിന്നെന്നും എന്നാല്‍ കൊറിയോഗ്രാഫര്‍ തന്നോട് ചൂടായെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. ചത്ത ശവം പോലെ നില്‍ക്കരുതെന്ന് അയാള്‍ തന്നോട് പറഞ്ഞത് മമ്മൂട്ടി കേട്ടെന്നും അയാളോട് ദേഷ്യപ്പെട്ടെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. താനും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റാണെന്നും അതിന്റേതായ ബഹുമാനം കാണിക്കണമെന്ന് മമ്മൂട്ടി അയാളോട് പറഞ്ഞെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബിജുക്കുട്ടന്‍.

‘മമ്മൂക്ക സെറ്റിലുള്ളപ്പോള്‍ മൊത്തം ഗൗരവത്തിലായിരിക്കും. പക്ഷേ പുള്ളി എല്ലാം കാണുന്നുണ്ടാവും. പോത്തന്‍വാവയില്‍ ഒരു പാട്ട് ഷൂട്ട് ചെയ്യുന്നതിന്റെ ഇടക്ക് ഒരു സംഭവമുണ്ടായി. അതില്‍ മമ്മൂക്ക പാടുന്ന സമയത്ത് ഞാന്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്ന് കൈയടിക്കുന്നതാണ് ഷോട്ട്. രണ്ടാമത്തെ ഷോട്ടില്‍ പൊസിഷന്‍ മാറിയപ്പോള്‍ ഞാന്‍ അതില്‍ ഇല്ലെന്ന് മനസിലായി. അപ്പോള്‍ അധികം ഇളക്കമൊന്നും ഇല്ലാതെ പെര്‍ഫോം ചെയ്തു.

ഇത് കണ്ടിട്ട് കൊറിയോഗ്രാഫര്‍ വന്നിട്ട് ‘നിങ്ങളെന്തിനാണ് ചത്ത ശവം പോലെ നില്‍ക്കുന്നത്. കുറച്ച് എനര്‍ജിയില്‍ നിന്നൂടെ?’ എന്ന് ചോദിച്ചു. ഇത് മമ്മൂക്ക കേട്ടു, പുള്ളി കൊറിയോഗ്രാഫറോട് ചൂടായി. ‘ഇത് ആരാണെന്ന് അറിയുമോ? എന്റെ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റാണ്. കുറച്ച് ബഹുമാനം കാണിക്ക്’ എന്ന് മമ്മൂക്ക പറഞ്ഞു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ മമ്മൂക്കയെ പോലെ ഒരു സ്റ്റാര്‍ എനിക്ക് വേണ്ടി വാദിക്കുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി,’ ബിജുക്കുട്ടന്‍ പറഞ്ഞു.

Content Highlight: Biju Kuttan shares the shooting experience of Pothan Vava movie