പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്കാണ് രാഹുലിന്റെ മറുപടി. രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബീഹാറിന്റെ പുത്രന്മാര്‍ ജീവന്‍ നല്‍കി എന്നായിരുന്നു ഗാല്‍വാനിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്.
ബീഹാറിലെ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്‍ തിരിച്ചുചോദിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയിട്ടില്ലെന്നു പറയുന്ന മോദി സൈനികരെ അപമാനിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ചൈന നമ്മുടെ മണ്ണിലേക്ക് വന്നപ്പോള്‍ പ്രധാനമന്ത്രി അത് നിഷേധിച്ചത് എന്തുകൊണ്ടാണ്? ഇന്ന്, ജവാന്‍മാരുടെ ത്യാഗത്തിന് മുന്നില്‍ തല കുനിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നെ എന്തിനാണ് നിങ്ങള്‍ കള്ളം പറഞ്ഞത്? രാഹുല്‍ ചോദിച്ചു.
ബീഹാറികളോട് കള്ളം പറയരുത് മോദി ജീ. നിങ്ങള്‍ ബീഹാറികള്‍ക്ക് ജോലി നല്‍കിയോ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി 2 കോടി ജോലികള്‍ വാഗ്ദാനം ചെയ്തു, ആര്‍ക്കും ലഭിച്ചില്ല. സൈനികര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് മുന്നില്‍ തല കുനിക്കുകയും വീട്ടില്‍ തിരിച്ചെത്തിയാല്‍ അംബാനിക്കും അദാനിക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയുമാണ് മോദി, രാഹുല്‍ പറഞ്ഞു.
അതേസമയം, ബീഹാറില്‍ എന്‍.ഡി.എ പുറത്തിറക്കിയ പ്രകടന പത്രികയ്‌ക്കെതിരെയും കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
കൊവിഡ് വാക്സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
കൊവിഡ് വാക്സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക