കോടികള്‍ മുടക്കി ടീമിലെത്തിച്ചവര്‍ വേസ്റ്റ്; വമ്പന്‍ താരങ്ങളെ ഒഴിവാക്കാനൊരുങ്ങി ഐ.പി.എല്‍ ടീമുകള്‍
IPL
കോടികള്‍ മുടക്കി ടീമിലെത്തിച്ചവര്‍ വേസ്റ്റ്; വമ്പന്‍ താരങ്ങളെ ഒഴിവാക്കാനൊരുങ്ങി ഐ.പി.എല്‍ ടീമുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th November 2018, 6:10 pm

മുംബൈ: കഴിഞ്ഞ ഐ.പി.എല്‍.സീസണില്‍ വന്‍തുക മുടക്കി ടീമിലെത്തിച്ച താരങ്ങളെ വില്‍ക്കാനൊരുങ്ങി ഐ.പി.എല്‍.ടീമുകള്‍. മനീഷ് പാണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ബെന്‍സ്റ്റോക്ക്‌സ് എന്നിവരെ ഫ്രാഞ്ചെസികള്‍ വില്‍ക്കാനൊരുങ്ങുന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ താരലേലത്തില്‍ 11 കോടി മുടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മനീഷ് പാണ്ഡെയെ ടീമിലെത്തിച്ചെങ്കിലും പണത്തിനൊത്ത പ്രകടനം താരം പുറത്തെടുത്തിരുന്നില്ല. കഴിഞ്ഞ സീസണില്‍ 284 റണ്‍സ് മാത്രമാണ് പാണ്ഡെ നേടിയത്. മോശം ഫോമായതിനാല്‍ എല്ലാ മത്സരങ്ങളിലും ടീം കളിപ്പിച്ചതുമില്ല.

ALSO READ: ക്ലബ് ഫുട്‌ബോളിന് ഇടവേള; ഇനിയാണ് പൂരം; സ്‌പെയിനും ജര്‍മനിയും കളത്തില്‍

ബെന്‍സ്‌റ്റോക്‌സ് 14.5 കോടിക്കാണ് രാജസ്ഥാനിലെത്തിയത്. താരം നേടിയത് 196 റണ്‍സും ഒരു വിക്കറ്റും.ബെന്‍സ്‌റ്റോക്‌സ് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതിരിക്കുക മാത്രമല്ല ഇംഗ്ലണ്ട് ടീമിന് വേണ്ടി ഐ.പി.എല്ലില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

ജയദേവ് ഉനദ്ഘട്ടിനെ 11.5 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. താരം സ്വന്തമാക്കിയത് 11 വിക്കറ്റുകള്‍ മാത്രം. മോശം ഫോമായതിനാല്‍ താരത്തിന് ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.

ഗൗതം ഗഭീറിനേയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനേയും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ഐ.പി.എല്‍ ആരംഭിക്കുക.