വാഷിങ്ടണ്‍: അമേരിക്കയിലെ പത്ത് ലക്ഷത്തോളം വരുന്ന മുസ്‌ലിംവോട്ടര്‍മാരെ അബിസംബോധന ചെയ്യാനുള്ള ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്യാമ്പയിന്‍ അംഗങ്ങളും ഡൊണാള്‍ഡ് ട്രംപും നിരസിച്ചതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചും അമേരിക്കയിലെയും ലോകത്താകെയുമുള്ള മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച സിംബോസിയത്തിലേക്കുള്ള ക്ഷണമാണ് ഇരുവരും നിരസിച്ചത്.
ഏപ്രില്‍ 20, 21 തിയ്യതികളില്‍ നടന്ന സിംബോസിയത്തിലേക്കായിരുന്നു ഇരു വിഭാഗത്തിനും ക്ഷണമുണ്ടായിരുന്നത്. അമേരിക്കയുടെ ഇസ്രഈല്‍ പിന്തുണ, മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും പ്രശ്‌നങ്ങളില്‍ നീതി ഉറപ്പാക്കുക തുടങ്ങിയ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അമേരിക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളും, പ്രത്യേകിച്ച് കറുത്ത വംശജരുടെ അവകാശങ്ങളെ കുറിച്ചും സിംബോസിയത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. അമേരിക്കന്‍ മുസ്‌ലിം ഫോര്‍ ഫലസ്തീന്‍-ചിക്കാകോ ഉള്‍പ്പടെ 25 സംഘടനകള്‍ ചേര്‍ന്നാണ് സിംബോസിയം സംഘടിപ്പിച്ചത്.
ട്രംപ് സിംബോസിയത്തില്‍ പങ്കെടുക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിംബോസിയത്തിന്റെ സംഘാടകര്‍ പറഞ്ഞതായി മിഡില്‍ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020ല്‍ ബൈഡനെ വിജയിപ്പിച്ച 1.6 ദശലക്ഷം മുസ്‌ലിങ്ങളില്‍ നിന്നും എത്രത്തോളം അകലത്തിലാണ് അദ്ദേഹമെന്ന് തെളിയിക്കുന്നതാണ് ബൈഡന്റെ ക്യാമ്പയിന്‍ ടീം സിംബോസിയത്തില്‍ നിന്ന് വിട്ടുനിന്നത്. മുസ്‌ലിങ്ങള്‍, അറബികള്‍, യുവജനങ്ങള്‍ തുടങ്ങിയ ജനവിഭാഗങ്ങളോടുള്ള ബൈഡന്റെ അവഗണനയാണ് പ്രകടമായത്. ഈ അവഗണന ആര്‍ക്ക് വോട്ട് ചെയ്യണമെന്നതിനെ കുറിച്ച് മാറിചിന്തിക്കുന്നതില്‍ നിര്‍ണായകമാകുമെന്നും സിംബോസിയത്തിന്റെ സംഘാടകരിലൊരാളായ മുസ്‌ലിം സിവിക് ലീഗിന്റെ പ്രതിനിധ ലൂണ ബാനറി പറഞ്ഞു.
സിംബോസിയത്തില്‍ പങ്കെടുക്കാതിരുന്ന ബൈഡന്റെയും ട്രംപിന്റെയും നിലപാട് അമേരിക്കയില്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അതോടൊപ്പം ഗസയോടുള്ള നിലവിലെ അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളെക്കുറിച്ചും അമേരിക്കക്ക് അതിലുള്ള പങ്കിനെക്കുറിച്ചും മുസ്‌ലിങ്ങള്‍ക്കിടയില്‍ വലിയതോതില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
ബൈഡന്‍ ഭരണകൂടം ഇസ്രഈലിനു ആയുധങ്ങളും യുദ്ധോപകരണങ്ങളും എത്തിച്ചു നല്‍കുകയും ഇസ്രഈല്‍ സൈന്യം ഇതുവരെ 34000 ഓളം ഫലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
content highlights: Biden’s team and Trump reportedly declined an invitation to address 1 million Muslims