IPL
ഐ.പി.എല്ലില്‍ തിളങ്ങാനായി ഭൂട്ടാനില്‍ നിന്നും ഒരു സര്‍പ്രൈസ് താരം; വരവ് ധോണിയുടെ അനുഗ്രഹവും നേടി; ലക്ഷ്യം ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jan 29, 05:07 pm
Saturday, 29th January 2022, 10:37 pm

ഐ.പി.എല്ലിന്റെ ആവേശം ഇന്ത്യയില്‍ മാത്രമല്ല. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനിലെ ഒരു കൊച്ചു ഗ്രാമവും അവിടുത്തെയാളുകളും ഇപ്പോള്‍ ഐ.പി.എല്ലിന്റെ ആവേശത്തിലാണ്. ഭൂട്ടാനില്‍ നിന്നും ആദ്യമായി ഒരു താരം ഐ.പി.എല്‍ കളിക്കാന്‍ ഒരുങ്ങുകയാണ്.

ഭൂട്ടാന്‍ ദേശീയ ടീമിന്റെ താരമായ മിക്യോ ഡോര്‍ജിയാണ് ഐ.പി.എല്‍ മെഗാലേലത്തില്‍ തന്റെ പേരും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ഐ.പി.എല്‍ കളിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ഭൂട്ടാന്‍ താരമെന്ന റെക്കോഡും ഡോര്‍ജിക്ക് സ്വന്തമായിരിക്കുകയാണ്.

‘ഐ.പി.എല്ലില്‍ കളിക്കുക എന്നത് എന്റെ എക്കാലത്തേയും സ്വപ്‌നമാണ്. മെഗാ ലേലത്തിന്റെ ലിസ്റ്റില്‍ എന്റെ പേര് കണ്ട് ഒരുപാട് പേര്‍ എന്നെ വിൡ് അഭിനന്ദനമറിയിച്ചിരുന്നു. പക്ഷേ അവര്‍ക്കറിയില്ലല്ലോ ഇത് ഫസ്റ്റ് റൗണ്ട് മാത്രമാണെന്ന് (ചിരിക്കുന്നു).

View this post on Instagram

A post shared by Ranjung mikyo dorji (@mikyo_dorji)

ഇതേ ലിസ്റ്റ് തന്നെ ഇനിയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടും എന്ന കാര്യം അവര്‍ക്കറിയില്ലല്ലോ. എനിക്കുറപ്പാണ് എന്റെ പേര് മെയിന്‍ ലിസ്റ്റില്‍ ഉണ്ടാവാന്‍ പോവുന്നില്ല. എന്നിരുന്നാലും എന്നെയും ഭൂട്ടാനെയും സംബന്ധിച്ച് കേവലം പേര് രജിസ്റ്റര്‍ ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ്,’ ഡോര്‍ജി പറയുന്നു.

22കാരനായ ഈ ഭൂട്ടാനീസ് യുവതാരത്തെ ഏതെങ്കിലും ടീം ലേലത്തില്‍ വിളിച്ചെടുത്താല്‍ ചരിത്രത്തിലേക്കാവും ഡോര്‍ജി നടന്നു കയറുന്നത്. പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ താരം 2018-19 കാലഘട്ടത്തില്‍ ചെന്നൈയിലെ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ ചേരുകയും ബൗളിംഗ് ആക്ഷനടക്കം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.

ഇക്കാലത്ത് അദ്ദേഹം ധോണിയെ കാണാന്‍ ചെന്നതും വലിയ വാര്‍ത്തയായിരുന്നു. അന്ന് ധോണിക്കൊപ്പം എടുത്ത് ഫോട്ടോ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചാണ് താരം ഐ.പി.എല്‍ മോഹങ്ങളെ കുറിച്ച് പറയുന്നത്.

2018ലാണ് താരം ഭൂട്ടാനുവേണ്ടി രാജ്യാന്തരമത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. നേപ്പാളിലെ എവറസ്റ്റ് പ്രീമിയര്‍ ലീഗിലും കളിച്ച താരം, വിദേശ ടി-20 ലീഗില്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

Content highlight: Bhutan Cricketer Mikyo Dorji to be a part in IPL Mega Auction