അതല്ല വേണ്ടത്, എന്തോന്ന് ചേട്ടാ, എനിക്ക് വേണ്ടത് തന്നേ പറ്റുകയുള്ളൂ എന്ന് തിലകനോട് ഭദ്രന്‍ പറയും: ഭീമന്‍ രഘു
Film News
അതല്ല വേണ്ടത്, എന്തോന്ന് ചേട്ടാ, എനിക്ക് വേണ്ടത് തന്നേ പറ്റുകയുള്ളൂ എന്ന് തിലകനോട് ഭദ്രന്‍ പറയും: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th March 2023, 10:28 pm

ചെയ്യുന്ന ജോലിയില്‍ വളരെ ഡെഡിക്കേറ്റഡായ സംവിധായകനാണ് ഭദ്രന്‍ എന്ന് നടന്‍ ഭീമന്‍ രഘു. സ്ഫടികം സിനിമയില്‍ തിലകനെ അഭിനയിപ്പിക്കുന്നത് കണ്ട് താന്‍ അന്തം വിട്ടിട്ടുണ്ടെന്നും ആവശ്യപ്പെടുന്നത് തരണമെന്ന് ഭദ്രന്‍ പറയുമെന്നും ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു പറഞ്ഞു.

‘ഭദ്രന്‍ പറഞ്ഞുകൊടുക്കുന്നതിന് ഒരു സ്റ്റൈലുണ്ട്. ഹരിഹരന്റെ അസിസ്റ്റന്റ് ആയിരുന്നല്ലോ. ആള് ഭയങ്കര ഡെഡിക്കേറ്റഡാണ്. ഓരോ കഥാപാത്രത്തെ പറ്റിയൊക്കെ പറഞ്ഞുകൊടുക്കുന്നത് കേള്‍ക്കണം. തിലകനെക്കൊണ്ടൊക്കെ അഭിനയിപ്പിക്കുന്നത് കണ്ട് ഞാന്‍ അന്തം വിട്ട് പോയി. അതല്ല വേണ്ടത് ചേട്ടാ, എന്തോന്ന് ചേട്ടാ എന്നൊക്കെ പറയും.

തിലകന്‍ അല്ല, മോഹന്‍ലാലിന്റെ തന്തയായ കഥാപാത്രമാണ് നില്‍ക്കുന്നത്. എനിക്ക് അത് വേണം ചേട്ടാ, തന്നേ പറ്റുകയുള്ളൂ ചേട്ടാ എന്ന് പറഞ്ഞിട്ടുണ്ട്. ധൈര്യമുള്ള ഒരു സംവിധായകനാണ് അദ്ദേഹം. തുറന്ന് പറയും. ആ ഒരു സമയത്തേ പറയുകയുള്ളൂ. എനിക്കിപ്പോള്‍ നിങ്ങളെ അല്ല വേണ്ടത്, എന്റെ കഥാപാത്രത്തെ ആണ് വേണ്ടതെന്ന് പറയും. എനിക്ക് ആ സിനിമയില്‍ അധികം നേരമുള്ള റോളല്ലായിരുന്നു. ഒരാഴ്ചയായിരുന്നു സെറ്റിലുണ്ടായിരുന്നത്,’ ഭീമന്‍ രഘു പറഞ്ഞു.

ചാണയാണ് ഭീമന്‍ രഘുവിന്റെ പുതിയ ചിത്രം. ഭീമന്‍ രഘു ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ചാണ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഭീമന്‍ രഘു പറഞ്ഞിരുന്നു.

‘ബി.ജെ.പിക്ക് വേണ്ടി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് ഇതുവരെ താല്‍പ്പര്യം തോന്നിയിട്ടില്ല. ഇപ്പോള്‍ ഒരു ബന്ധവുമില്ല. നടന്‍ എന്ന നിലയില്‍ ഒന്നു നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് പിണറായി വിജയന്‍. പലരും പല കുഴപ്പങ്ങളും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തെ ഒരു കുഴപ്പവും കൂടാതെ കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയുന്നുണ്ട്.

പ്രധാനമന്ത്രിയെ പറ്റി പലതും പറയുന്നുണ്ട്. അവിടെ പോയി ഇവിടെ പോയി എന്നൊക്കെ. ഇന്ത്യക്ക് വേണ്ടിയാണ് പോയത്. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയുമായുള്ള ബന്ധമൊക്കെ പോയി. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല,’ ഭീമന്‍ രഘു പറഞ്ഞു.

Content Highlight: bheeman raghu about badran , thilakan and spadikam movie