Entertainment
ഇങ്ങനെയാണോ നായകന്‍? സിനിമ സമൂഹത്തില്‍ ഒരു ശതമാനം പോലും ബാധിക്കാന്‍ പാടില്ല: ഭാഗ്യലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 10:30 am
Wednesday, 5th March 2025, 4:00 pm

സിനിമകള്‍ ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇന്ന് പതുക്കെ വയലന്‍സ് നിറഞ്ഞ സിനിമകളും മയക്കുമരുന്നുമൊക്കെ ജനങ്ങളിലേക്ക് കുത്തിവെക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇന്ന് സിനിമകളില്‍ നായകനും വില്ലനും ഒരാള്‍ തന്നെയാണെന്നും പത്തിരുപത്തിയഞ്ച് പേരെ പച്ചയ്ക്ക് കൊല്ലുകയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

മാംസ കഷ്ണം കടിച്ചുപിടിച്ചു കൊണ്ട് ചോരയില്‍ കുളിച്ച് നില്‍ക്കുന്ന നായകന്റെ പോസ്റ്റര്‍ താന്‍ കണ്ടുവെന്നും ഇങ്ങനെയാണോ നായകനെന്നും നടി ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. സമൂഹത്തിന് സന്ദേശം കൊടുക്കുന്ന ആളെയാണ് നായകനെന്ന് പറയേണ്ടതെന്നും ഇന്ന് സമൂഹത്തിന് മുന്നില്‍ വയലന്‍സ് കാണിക്കുന്നവരാണ് ഹീറോയെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സിനിമകള്‍ തീര്‍ച്ചയായും ആളുകളെ സ്വാധീനിക്കുന്നുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പതുക്കെ പതുക്കെ വയലന്‍സ് നിറഞ്ഞ സിനിമകളും മയക്കുമരുന്നുമൊക്കെ ജനങ്ങളിലേക്ക് കുത്തിവെക്കുകയാണ്. പണ്ടത്തെ സിനിമകളില്‍ ഒരാളെ കൊല്ലുകയെന്ന് പറയുമ്പോള്‍ മാക്‌സിമം ചെയ്യുക വെടിവെച്ച് കൊല്ലുക എന്നത് മാത്രമാണ്. അത് കഴിഞ്ഞാല്‍ കൊണ്ടുപോയി മുതലയ്ക്ക് ഇട്ടു കൊടുക്കെടാ എന്നാണ് പറയുക.

ഇന്ന് അങ്ങനെയല്ല. ഇന്ന് നായകനാണ് വില്ലന്‍. അല്ലാതെ സിനിമയില്‍ വില്ലനില്ല. നായകന്‍ തന്നെ നായകനും അയാള്‍ തന്നെ വില്ലനുമാകുകയാണ്. പത്തിരുപത്തിയഞ്ച് പേരെ പച്ചയ്ക്ക് കൊല്ലുകയാണ്. മാംസ കഷ്ണം കടിച്ചുപിടിച്ചു കൊണ്ട് മൊത്തം ചോരയില്‍ കുളിച്ചു നില്‍ക്കുന്ന നായകന്റെ പോസ്റ്റര്‍ ഞാന്‍ കണ്ടു. ഇങ്ങനെയാണോ നായകന്‍.

നായകന്‍ എന്നാല്‍ എന്താണ്? സമൂഹത്തിന് ഒരു സന്ദേശം കൊടുക്കുന്ന ആളെയാണ് നമ്മള്‍ നായകനെന്ന് പറയുന്നത്. എന്നാല്‍ ഇന്ന് സമൂഹത്തിന് മുന്നില്‍ ഇത്തരം വയലന്‍സ് കാണിക്കുന്നവരാണ് ഹീറോ. അത് തീര്‍ച്ചയായും സ്വാധീനിക്കുന്നത് കൊണ്ടല്ലേ.

സ്‌കൂള്‍ കുട്ടികള്‍ വരെ ആ സിനിമ രണ്ടുംമൂന്നും ഷോകളാണ് കാണുന്നത്. അത് കുട്ടികളെ സ്വാധീനിക്കുന്നത് കൊണ്ടല്ലേ. കുറച്ച് കഴിഞ്ഞാല്‍ ഈ ചെയ്യുന്നതൊന്നും തെറ്റല്ലെന്ന് അവര്‍ക്ക് തോന്നും. കാരണം അവരുടെ നായകന്‍ അത് ചെയ്യുന്നു.

വേണമെങ്കില്‍ സിനിമ രണ്ടര ശതമാനമോ പത്ത് ശതമാനമോ മാത്രമാണ് ബാധിക്കുന്നതെന്ന് നിങ്ങള്‍ക്ക് പറയാം. എന്നാല്‍ സിനിമ സമൂഹത്തില്‍ പത്ത് ശതമാനമോ ഒരു ശതമാനമോ പോലും ബാധിക്കാന്‍ പാടില്ല. സിനിമ ഒരിക്കലും തെറ്റായ സന്ദേശം നല്‍കാന്‍ പാടില്ല,’ ഭാഗ്യലക്ഷ്മി പറയുന്നു.

Content Highlight: Bhagyalaksmi Talks About Influence Of Movies