ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വിജയം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയതിന് ശേഷമാണ് കങ്കാരുക്കള്‍ മത്സരം വിജയിച്ചുകയറിയത്.
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. 2014-15ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് അന്ന് കങ്കാരുക്കള്‍ അവസാനമായി പരമ്പര വിജയിച്ചത്. നാല് മത്സരങ്ങളുടെ പരമ്പര 2-0നാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ശേഷം നടന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലോ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലോ കങ്കാരുക്കള്‍ക്ക് വിജയത്തിന്റെ മധുരം രുചിക്കാന്‍ സാധിച്ചിരുന്നില്ല.
ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയന്‍ മണ്ണിലെ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണ പരമ്പരയ്‌ക്കെതിയത്. എന്നാല്‍ 2018ലെയും 2020ലെയും ഡോമിനന്‍സ് ഇത്തവണ ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 185 റണ്‍സിന് പുറത്തായി. വിരാട് കോഹ്‌ലിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ റിഷബ് പന്തിന്റെ ചെറുത്തുനില്‍പ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റി. 98 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്. രവീന്ദ്ര ജഡേജ 26 റണ്‍സടിച്ച് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ 22 റണ്‍സ് നേടി തന്റേതായ സംഭാവനകള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് നല്‍കി.
ഓസ്‌ട്രേലിയക്കായി സ്‌കോട് ബോളണ്ട് നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റും നേടി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും നേടി.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയക്കും തുടക്കം പാളി. ഉസ്മാന്‍ ഖവാജയും മാര്‍നസ് ലബുഷാനും ട്രാവിസ് ഹെഡും ഒറ്റയക്കത്തിന് കൂടാരം കയറിയപ്പോള്‍ സാം കോണ്‍സ്റ്റസിനും സ്റ്റീവ് സ്മിത്തിനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല.
അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്ററിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ ചെറുത്തുനിന്നത്. 105 പന്ത് നേരിട്ട് 57 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒടുവില്‍ 181 റണ്‍സിന് പുറത്തായി കങ്കാരുക്കള്‍ നാല് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും വഴങ്ങി.
ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം നേടി.
നാല് റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ വീണ്ടും നിരാശപ്പെടുത്തി. ജെയ്‌സ്വാള്‍ 22 റണ്‍സ് നേടി പുറത്തായപ്പോള്‍ 13 റണ്‍സ് വീതം നേടിയാണ് രാഹുലും ഗില്ലും മടങ്ങിയത്. പതിവുപോലെ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ബാറ്റ് വെച്ച് വിരാട് കോഹ്‌ലി വിക്കറ്റ് വലിച്ചെറിഞ്ഞു.
ഇത്തവണയും രക്ഷകനായെത്തിയത് റിഷബ് പന്താണ്. 61 റണ്‍സുമായി താരം പുറത്തായി. പന്തും മടങ്ങിയതോടെ ബാക്കിയെല്ലാം ചടങ്ങ് മാത്രമായി. ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ 157 റണ്‍സ് കൂട്ടിച്ചേര്‍ത്ത് 162 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ കങ്കാരുക്കള്‍ക്ക് മുമ്പില്‍ വെച്ചു.
രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേട്ടവുമായി സ്‌കോട് ബോളണ്ട് ടെന്‍ഫര്‍ പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബ്യൂ വെബ്‌സറ്റര്‍ ശേഷിച്ച വിക്കറ്റും നേടി.
162 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ കങ്കാരുക്കള്‍ക്ക് ലഞ്ചിന് മുമ്പേ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ വിക്കറ്റ് വീഴ്‌ത്തേണ്ട ചുമതല സ്വയമേറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയാണ് മൂന്ന് വിക്കറ്റുകളും നേടിയത്.