ടോക്കണ്‍ മുഴുവന്‍ ബാറിലേക്ക്; കോടികളുടെ നഷ്ടം, ബെവ്ക്യൂവിനെതിരെ ബിവറേജസ് കോര്‍പറേഷന്‍; പേര് മാറ്റണം
Kerala News
ടോക്കണ്‍ മുഴുവന്‍ ബാറിലേക്ക്; കോടികളുടെ നഷ്ടം, ബെവ്ക്യൂവിനെതിരെ ബിവറേജസ് കോര്‍പറേഷന്‍; പേര് മാറ്റണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th June 2020, 4:47 pm

തിരുവനന്തപുരം: ബെവ് ക്യൂ ആപ് ബിവറേജസ് കോര്‍പറേഷനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സൂചന. ആപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഔട്ട്ലറ്റുകള്‍ പൂട്ടേണ്ടി വരുമെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ ആശങ്ക. ആപ്പില്‍ വില്‍ക്കുന്ന ടോക്കണുകളില്‍ ഭൂരിഭാഗവും ബാറുകളിലേക്കാവുന്നു എന്നതാണ് ആശങ്കയ്ക്ക് കാരണം.

കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ 49,000 മാത്രമാണ് ബിവറേജസ് ഔട്ലറ്റിനു കിട്ടിയത്. ബെവ്‌കോ ഔട്ട്ലറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലാണ്. ആപ്പിന്റെ പേര് ‘ബാര്‍ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബവ്‌കോയിലെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് മാര്‍ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്‍പറേഷന് ശനിയാഴ്ച വില്‍ക്കാനായത് 17 കോടിയുടെ മദ്യം മാത്രംമാണ്. സാധാരണ ഞായര്‍ അവധി ദിവസമായതിനാല്‍ ശനിയാഴ്ച കൂടുതല്‍ വില്‍പന നടക്കേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചും. ഇതോടെയാണ് ആപ്പിനെതിരെ കോര്‍പറേഷന്‍ രംഗത്തെത്തിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്തുള്ള ഔട്ട്‌ലെറ്റില്‍ പതിനൊന്നു മണി വരെ എത്തിയത് രണ്ടു ടോക്കണ്‍ മാത്രമാണ്. അതേസമയം, സമീപത്തുള്ള ബാറുകളില്‍ നീണ്ട നിരയും ഉണ്ടായി. ഇതോടെ ഔട്ട്‌ലറ്റ് മാനേജര്‍മാര്‍ പരാതിയുമായി കോര്‍പറേഷനെ സമീപിക്കുകയായിരുന്നു.

വിഷയത്തില്‍ ബെവ്‌കോ എം.ഡി സ്പര്‍ജന്‍ കുമാര്‍ ആപ് അധികൃതരോടും സ്റ്റാര്‍ട്ട് അപ് മിഷനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താവ് റജിസ്റ്റര്‍ ചെയ്യുന്ന പിന്‍ കോഡ് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കണ്‍, സിസ്റ്റം തന്നെ ജനറേറ്റു ചെയ്യുന്നുവെന്നാണ് ഫെയര്‍കോഡ് നല്‍കിയ മറുപടി. ആദ്യം ഔട്ട്‌ലറ്റില്‍ ടോക്കണ്‍ നല്‍കുക, അതിനു ശേഷം ബാറുകള്‍ക്ക് എന്നാണ് ഫെയര്‍ കോഡിനോട് ബിവറേജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ