film new
വോളിബോൾ കളിക്കുന്നവനോട് ബാസ്ക്കറ്റ്ബോൾ കളി അറിയുമോ എന്ന് ചോദിക്കരുത്: ബെന്യാമിൻ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്.
10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം. യഥാർത്ഥ കഥയെ ആസ്പദമാക്കി 2008ൽ ബെന്യാമിൻ എഴുതി പുറത്തിറങ്ങിയ നോവലാണ് ആടുജീവിതം. എന്തുകൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ എഴുതാതിരുന്നത് എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ബെന്യാമിൻ പറഞ്ഞത്.
വോളിബോൾ കളിക്കുന്നവനോട് ബാസ്ക്കറ്റ്ബോൾ കളി അറിയുമോ എന്ന് ചോദിക്കരുത് എന്ന് തനെപ്പോഴും പറയാറുണ്ടെന്നായിരുന്നു ബെന്യാമിന്റെ മറുപടി. ഇത് രണ്ടും രണ്ട് കളിയാണെന്ന കൃത്യമായ ബോധ്യം തനിക്കുണ്ടെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.
ബ്ലെസിയുടെ സിനിമകൾക്ക് അദ്ദേഹം തന്നെയാണ് തിരക്കഥ എഴുതാറുള്ളതെന്നും താൻ എഴുന്നില്ല എന്ന് തീരുമാനിച്ചത് വളരെ നന്നായെന്ന് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും ബെന്യാമിൻ ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.
‘ഞാനെപ്പോഴും പറയാറുണ്ട് വോളിബോൾ കളിക്കുന്നവനോട് ബാസ്ക്കറ്റ്ബോൾ കളി അറിയുമോ എന്ന് ചോദിക്കരുത് എന്ന്. ഇത് രണ്ടും രണ്ടു കളിയാണെന്ന് എനിക്ക് കൃത്യമായിട്ട് ബോധ്യമുള്ളതുകൊണ്ടാണ് ഞാൻ ഇത് ഏറ്റെടുക്കാൻ തയ്യാറാകാതെ ഇരുന്നത്. സ്വാഭാവികമായിട്ടും ബ്ലെസി സാറിന്റെ എല്ലാ സിനിമകൾക്കും തിരക്കഥ എഴുതി മനോഹരമാക്കിയിട്ടുള്ളത് അദ്ദേഹം തന്നെയാണ്.
അദ്ദേഹത്തെപ്പോലൊരു മഹാപ്രതിഭയുടെ മുന്നിൽ നിന്നിട്ട് ഞാൻ അതിന് തിരക്കഥ എഴുതുന്നില്ല എന്ന് തുടക്കത്തിലെ തന്നെ തീരുമാനിച്ചിരുന്നു. ആ തീരുമാനം വളരെ നന്നായി എന്നാണ് സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത്. ആ നിമിഷത്തെക്കുറിച്ച് ഓർക്കുമ്പോൾ വളരെ അഭിമാനമുണ്ട്. വളരെ സന്തോഷമുണ്ട്,’ ബെന്യാമിൻ പറഞ്ഞു.
യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപെട്ടിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം മാർച്ച് 28നാണ് തിയേറ്ററിൽ എത്തുന്നത്.
Content Highlight: Benyamin about why he did not write script of aadujeeitham movie