കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വിവിധ ജില്ലകളിലായി 700ഓളം ബൂത്തുകളില്‍ തിങ്കളാഴ്ച റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഉണ്ടായ വ്യാപക അക്രമങ്ങള്‍ക്ക് പിന്നാലെയാണ് കമ്മീഷന്റെ ഈ നടപടി.
സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ജില്ലകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുക. ബംഗാളില്‍ വിവിധയിടങ്ങളിലായി ശനിയാഴ്ച ഉണ്ടായ വ്യാപക അക്രമങ്ങള്‍ക്ക് പിന്നാലെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
175 ബൂത്തുകളുള്ള മുര്‍ഷിദാബാദ് ജില്ലയിലാണ് ഏറ്റവുമധികം റീപോളിങ് നടത്തുക. രണ്ടാമതായി 112 ബൂത്തുകളുള്ള മാള്‍ഡ ജില്ലയാണ്. നാദിയയില്‍ 89 ബൂത്തുകളിലും, നോര്‍ത്ത് ജില്ലയില്‍ 46 ബൂത്തുകളിലും, സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ 36 ബൂത്തുകളിലും റീപോളിംഗ് നടത്തും.
അതേസമയം, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഇന്ന് വൈകീട്ടോടെ ദല്‍ഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നെങ്കില്‍ ഇത്രയധികം അതിക്രമങ്ങള്‍ ഉണ്ടാകില്ലായിരുന്നു എന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
അങ്ങനെയായിരുന്നു എങ്കില്‍ ജനങ്ങള്‍ക്ക് ഭീതി കൂടാതെ വോട്ടവകാശം വിനിയോഗിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.