കൊല്‍ക്കത്ത: മന്ത്രിസഭയുടെ പുനഃസംഘടന പ്രഖ്യാപിച്ച് മമത ബാനര്‍ജി. കുറഞ്ഞത് നാല് പുതുമുഖങ്ങളെങ്കിലും പുതിയ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് കരുതുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പുനഃസംഘടന ബുധനാഴ്ച നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
സ്‌കൂള്‍ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പിത ചാറ്റര്‍ജിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ പാര്‍ഥയെ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയുടെ പുനഃസംഘടന നടത്താന്‍ മമതയുടെ തീരുമാനം.
‘അതെ, പുനഃസംഘടന ഉണ്ടാകും, എന്നാല്‍ മന്ത്രിസഭ പൂര്‍ണമായും പിരിച്ച് വിട്ട് പുതിയത് രൂപീകരിക്കാന്‍ ഞങ്ങള്‍ക്ക് തീരുമാനമില്ല , മന്ത്രിമാരായ സുബ്രത മുഖര്‍ജി, സദന്‍ പാണ്ഡെ എന്നിവരെ നമുക്ക് നഷ്ടമായി, പാര്‍ഥ ജയിലിലും. അവരെല്ലാവരുടെയും ജോലികള്‍ ചെയ്യണം. എല്ലാം ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിയില്ല.’ മമത പറഞ്ഞു.
പുനഃസംഘടന ബുധനാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുമെന്നും നാലോ അഞ്ചോ പുതുമുഖങ്ങള്‍ ഉണ്ടാവുമെന്നും ബ്രീഫിങില്‍ മമത പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബംഗാളിലെ പുതിയ ഏഴ് ജില്ലകളെ കുറിച്ചും മമത ബ്രീഫിങില്‍ പറഞ്ഞു. ഈ ഏഴ് ജില്ലകള്‍ വരുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 23ല്‍ നിന്ന് 30 ലേക്ക് ഉയരും.
സുന്ദര്‍ബെന്‍, ഇച്ചെമെട്ടി, രണഘട്ട്, ബിഷ്ണുപുര്‍, ജങ്കിപുര്‍, ബെഹ്രാംപുര്‍ ബസിര്‍ഹട്ട് തുടങ്ങിയവയാണ് പുതിയ ഏഴ് ജില്ലകള്‍.
സ്‌കൂള്‍ നിയമന അഴിമതിക്കേസില്‍ പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിനുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കേസില്‍ പാര്‍ഥ ചാറ്റര്‍ജിക്ക് പങ്കുണ്ട് എന്ന് തെളിഞ്ഞത് മുതല്‍ മമത ബാനര്‍ജി പാര്‍ഥയുടെ അടുത്ത ആളാണെന്നും വിഷയത്തില്‍ പ്രതികരിക്കുന്നില്ല എന്നും ബി.ജെ.പി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാര്‍ഥയെ മന്ത്രിസ്ഥാനങ്ങളില്‍ മമത ഒഴിവാക്കിയിരുന്നു.
കോടിക്കണക്കിന് രൂപയുടെ അധ്യാപക നിയമന അഴിമതിക്കേസില്‍ ഇ.ഡി അന്വേഷണം നേരിടുന്നതിന്റെ ഭാഗമായി പാര്‍ഥ ചാറ്റര്‍ജിയെ വ്യാഴാഴ്ചയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്.
തൃണമൂല്‍ കോണ്‍ഗ്രസിലെ ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, മറ്റ് മൂന്ന് സ്ഥാനങ്ങള്‍ എന്നിവയില്‍ നിന്നും പാര്‍ഥ ചാറ്റര്‍ജിയെ മാറ്റിയെന്നും, അന്വേഷണം പുരോഗമിക്കുന്നത് വരെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നും പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞിരുന്നു.
Content Highlight: Bengal CM Mamata Banerjee to reshuffle ministry