കൊല്‍ക്കത്ത: സംസ്ഥാനസര്‍ക്കാരുകള്‍ വിഭാവനം ചെയ്യുകയും നടത്തുകയും ചെയ്ത പല പദ്ധതികളുടെയും ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുന്നു എന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വാദമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു മമതയുടെ വിമര്‍ശനം.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി വളരെക്കാലം മുന്‍പേ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയതാണെന്നും മമത പറഞ്ഞു.
കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ക്യാംപസ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന്റെ വേദിയിലായിരുന്നു സംഭവം. നരേന്ദ്ര മോദി ദല്‍ഹിയില്‍ നിന്നും ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തനിക്ക് സംസാരിക്കാനുള്ള സമയമായപ്പോള്‍ മാത്രമാണ് മമത ചടങ്ങില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുന്നതുകൊണ്ടു മാത്രമാണ് താന്‍ ഈ ചടങ്ങിന് എത്തിയത് എന്നായിരുന്നു മമത പറഞ്ഞത്. ഇപ്പോള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തതാണെന്നും മമത പറഞ്ഞു.
‘ആരാധ്യനായ ആരോഗ്യമന്ത്രി എന്നെ രണ്ട് തവണ ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് പ്രധാനമന്ത്രിയെ സംബന്ധിച്ച് കൊല്‍ക്കത്തയിലെ ഈ ചടങ്ങ് പ്രധാനമാണെന്ന് ഞാന്‍ മനസിലാക്കിയത്.
എന്നാല്‍ ഒരു കാര്യം പറയാനാഗ്രഹിക്കട്ടെ, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഈ പദ്ധതി ഞങ്ങള്‍ നേരത്തെ ഉദ്ഘാടനം നിര്‍വഹിച്ചതാണ്. ഞങ്ങളെങ്ങനെയാണത് ചെയ്തത് എന്നല്ലേ, കൊവിഡ് വ്യാപനം ശക്തമായപ്പോള്‍ ഞങ്ങള്‍ക്കൊരു കൊവിഡ് സെന്റര്‍ വേണമായിരുന്നു. ചിത്തരഞ്ജന്‍ ആശുപത്രിയിലെ രണ്ടാം ക്യാംപസില്‍ ഞാന്‍ പോയപ്പോള്‍ ആ പദ്ധതി സംസ്ഥാനസര്‍ക്കാരുമായി ബന്ധിപ്പിച്ചതായി കണ്ടു. ഞങ്ങളത് ഉദ്ഘാടനം ചെയ്തു,’ മമത പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയുടെ 25 ശതമാനം തുകയും വഹിച്ചിട്ടുണ്ടെന്നും, ഇതിനായി 11 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ വിട്ടു നല്‍കിയെന്നും മമത പറഞ്ഞു. ഇങ്ങനെയാണ് സംസ്ഥാന സര്‍ക്കരും കേന്ദ്ര സര്‍ക്കാരും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ടതെന്നും മമത കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി വിക്ടോറിയ മെമ്മോറിയലില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിക്കുന്ന ചടങ്ങിലായിരുന്നു ഇതിനു മുന്‍പേ മമത മോദിയോടൊപ്പം വേദി പങ്കിട്ടത്.