നിങ്ങളെന്താണ് ജയ് ശ്രീരാം വിളിക്കാത്തത്?, എല്ലാത്തിനേയും തെരുവിലിട്ട് തല്ലും; മമതയോട് ദിലീപ് ഘോഷ്
national news
നിങ്ങളെന്താണ് ജയ് ശ്രീരാം വിളിക്കാത്തത്?, എല്ലാത്തിനേയും തെരുവിലിട്ട് തല്ലും; മമതയോട് ദിലീപ് ഘോഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 5:35 pm

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും എം.പിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിക്കെതിരെയും അധിക്ഷേപ പരാമര്‍ശങ്ങളുമായി ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്.

‘ജോയ് ബംഗ്ലാ’ എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിനെതിരെയായിരുന്നു ദിലീപ് ഘോഷ് കടന്നാക്രമിച്ചത്.

‘ ജോയ് ബംഗ്ലാ എന്ന മുദ്രാവാക്യത്തിലൂടെ അവര്‍ ഗൂഢാലോചന നടത്തി പശ്ചിമബംഗാളിനെ ബംഗ്ലാദേശാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ജയ് ശ്രീറാം എന്ന മുദ്രാവാക്യം ദീദിക്ക് ഒട്ടും ഇഷ്ടമല്ല. എന്തുകൊണ്ടാണത്? ജയ് ശ്രീറാമിനൊപ്പം നില്‍ക്കാന്‍ സാധിക്കാത്ത വിധം എന്ത് രക്തമാണ് അവരുടെ ശരീരത്തിലൂടെ ഒഴുകുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ജയ് ശ്രീറാം എന്ന മുദ്രാവാക്യം സഹിക്കാന്‍ കഴിയാത്തത്?,’ ദിലീപ് ഘോഷ് ചോദിച്ചു.

അഭിഷേക് ബാനര്‍ജിക്കെതിരെയും ദിലീപ് ഘോഷ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തി.

ദിലീപ് ഘോഷിനെ ഗുണ്ടയെന്ന് കഴിഞ്ഞ ദിവസം അഭിഷേക് ബാനര്‍ജി വിളിച്ചിരുന്നു. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് അഭിഷേകിനെതിരെയുള്ള ഘോഷിന്റെ പ്രതികരണം.

‘ ദിലീപ് ഘോഷ് ഗുണ്ടായാണെന്നാണ് അഭിഷേക് ബാനര്‍ജി പറഞ്ഞത്. അതെ, തൃണമൂലിന്റെ ഭീഷണിപ്പെടുത്തലും ഗൂണ്ടാരാജും അവസാനിപ്പിക്കാന്‍ ആവശ്യമാണെങ്കില്‍ ഞാന്‍ ഗുണ്ടയാകും. അതിര് കടക്കരുത്. ഞങ്ങള്‍ എല്ലാവരെയും തെരുവിലിട്ട് തല്ലും,’ ദിലീപ് ഘോഷ് പറഞ്ഞു.

‘ഇതുകൂടി പറയട്ടെ, ആവശ്യമെങ്കില്‍ ഞാന്‍ അവിടെ വന്ന് എല്ലാവരെയും തല്ലിയൊതുക്കും, പോയി ആ കൗണ്‍സിലറോട് പറഞ്ഞേക്ക്! എന്ത് ധൈര്യമാണ് അയാള്‍ക്കുള്ളത്? ഞാന്‍ അയാളെ നഗ്നനാക്കും, അദ്ദേഹത്തിന്റെ അച്ഛന് പോലും രക്ഷിക്കാന്‍ കഴിയില്ല,’ ഘോഷ് ഭീഷണിപ്പെടുത്തി. ജോകയിലെ തൃണമൂല്‍ നേതൃത്വത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ദിലീപ് ഘോഷിന്റെ ഈ പരാമര്‍ശം.

നേരത്തെ ബി.ജെ.പിയുടെ ജയ് ശ്രീറാം മുദ്രാവാക്യത്തിനെതിരെ തൃണമൂല്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ വിദ്വേഷ പരാമര്‍ശം. ദിലീപ് ഘോഷിനെ ഗുണ്ടയെന്ന് വിളിച്ച സംഭവത്തില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ അദ്ദേഹം നേരത്തെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengal BJP chief Dilip Ghosh hurls abuses at Mamata Banerjee