ബെല്‍ജിയവും അള്‍ജീരിയയും രണ്ടാം റൗണ്ടില്‍
Daily News
ബെല്‍ജിയവും അള്‍ജീരിയയും രണ്ടാം റൗണ്ടില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2014, 5:08 am

കര്‍ട്ടിബ: ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ നിന്ന് ബെല്‍ജിയയവും അള്‍ജീരിയയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്.

എഴുപത്തിയെട്ടാം മിനിറ്റില്‍ ഴാന്‍ വെര്‍ട്ടാങ്ങാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു നിര്‍ണായക മത്സരത്തില്‍ റഷ്യയുമായി ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞാണ് അള്‍ജിരിയ ഗ്രൂപ്പില്‍ നിന്ന് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായത്.

റഷ്യക്കായി കൊക്കോറിന്‍ ഗോള്‍ നേടിയപ്പോള്‍ ഇസ്ലാം സ്ലിമാനിയിലൂടെ അള്‍ജിരിയ തിരിച്ചടിച്ചു. ഒരോ ജയവും സമനിലയും തോല്‍വിയുമായി നാല് പോയിന്റോടെയാണ് അള്‍ജീരിയ ചരിത്രത്തിലാദ്യമായി പ്രീക്വാര്‍ട്ടറില്‍ കടന്നത്.
ജയിക്കാനുറച്ച് രണ്ട് ടീമും കളത്തിലിറങ്ങിയപ്പോള്‍ കോര്‍ട്ടിബയില്‍ നടന്ന റഷ്യ- അള്‍ജീരിയ മത്സരം ആവേശകരമായി.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ റഷ്യക്കായിരുന്നു ആധിപത്യം. ആറാം മിനിറ്റില്‍ തന്നെ അലക്‌സാണ്ടര്‍ കൊക്കോറിനിലൂടെ അവര്‍ മുന്നിലെത്തുകയും ചെയ്തു. ഡിമിത്രി കോമ്പറോവ് നല്‍കിയ ക്രോസില്‍ ഉയര്‍ന്ന് ചാടി തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ കൊക്കോറിന്‍ വല കുലുക്കുകയായിരുന്നു. 

റഷ്യ നേടിയ ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചു. പ്രീക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതിയെന്ന തിരിച്ചറിവില്‍ ഉണര്‍ന്നു കളിക്കുന്ന അള്‍ജീരിയയെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. റഷ്യന്‍ പെനാല്‍റ്റി ബോക്‌സിലേക്ക നിരന്തരം പന്തെത്തി.

ഒടുവില്‍ രണ്ടാം പകുതിയുടെ അറുപതാം മിനിറ്റില്‍ അള്‍ജിരിയയുടെ സമനില ഗോള്‍ പിറന്നു. ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്തില്‍ ചാടിയുയര്‍ന്ന തലവെച്ച സ്ലിമാനിക്ക് തെറ്റിയില്ല. ഗോള്‍..സാവോപോളയില്‍ ദക്ഷിണ കൊറിയക്കെതിരെ നടന്ന മത്സരത്തില്‍ പകുതിയിലധികം സമയം പത്ത് പേരുമായി കളിക്കേണ്ടി വന്ന ബെല്‍ജിയം പൊരുതി ജയിക്കുകയായിരുന്നു.

45ാം മിനുട്ടില്‍ സ്റ്റിവന്‍ ഡിഫോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്നാണ് ബെല്‍ജിയം പത്ത് പേരായി ചുരുങ്ങിയത്. ആളെണ്ണം കുറഞ്ഞത് ബെല്‍ജിയത്തിന്റെ കളിയെ ബാധിച്ചില്ല. എഴുപത്തിയെട്ടാം മിനിറ്റില്‍ ഴാന്‍ വെര്‍ട്ടാങ്ങാണ് കൊറിയക്കായി വല ചലിപ്പിച്ചത്.