കൊവിഡ് പിടിപെട്ട് ഗുരുതര സാഹചര്യങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് പറയുകയാണ് നടി ബീനാ ആന്റണി. വീട്ടില്‍ വിശ്രമിച്ചാല്‍ രോഗം മാറുമെന്ന് കരുതിയിരുന്നതിനാല്‍ ആദ്യമൊക്കെ ആശുപത്രിയില്‍ പോയില്ലെന്നും എന്നാല്‍ പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നുവെന്നും ബീനാ ആന്റണി പറയുന്നു.
‘വീട്ടില്‍ വിശ്രമിച്ചാല്‍ എല്ലാം ശരിയാകുമെന്ന് വിചാരിച്ച് ഗുളികയും കഴിച്ച് വീട്ടില്‍ തന്നെ കിടന്നു. കാരണം എന്റെ സഹോദരിക്ക് അതിന് മുമ്പേ കൊവിഡ് വന്നപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ചെയ്തത്. പെട്ടെന്നൊരു ദിവസം ശ്വാസംമുട്ടല്‍ കൂടി. ഒരടി മുന്നോട്ട് വെച്ചാല്‍ ശ്വാസം എടുക്കാന്‍ വയ്യാത്ത അവസ്ഥ.
ഉടന്‍ ആശുപത്രിയിലേക്ക് പോയി. ഐ.സി.യുവും വെന്റിലേറ്ററുകളും മുറികളുമെല്ലാം നിറഞ്ഞിരിക്കുകയായിരുന്നു. അവസാനം ഒരു മുറി അനുവദിച്ച് കിട്ടി,’ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ബീനാ ആന്റണി പറയുന്നു.
ഒരുദിവസം ആശുപത്രിയില്‍ വെച്ച് പെട്ടെന്ന് ശ്വാസം മുട്ടല്‍ ഉണ്ടായപ്പോള്‍ അടുത്താരും ഉണ്ടായിരുന്നില്ലെന്നും മരണത്തെ മുന്നില്‍ കണ്ട നിമിഷമായിരുന്നു അതെന്നും ബീന ആന്റണി പറഞ്ഞു.
‘മരണത്തെ മുന്നില്‍ കണ്ടു. എങ്ങനെയോ നടന്ന് മുറിക്ക് പുറത്തെത്തി നഴ്‌സിനെ വിളിച്ചു. അവര്‍ ഓടിയെത്തി ഓക്‌സിജന്‍ തന്നു. മൂന്നുദിവസം അതേ കിടപ്പിലായിരുന്നു. ഡോക്ടര്‍മാര്‍ ഭര്‍ത്താവിനോട് മറ്റേതെങ്കിലും ആശുപത്രിയില്‍ വെന്റിലേറ്റര്‍ നോക്കിവെക്കാന്‍ പറഞ്ഞു.
കാരണം ഏത് സമയവും ക്രിട്ടിക്കലാകാം എന്നായിരുന്നു അവസ്ഥ. ആശുപത്രിയില്‍ ഒമ്പത് ദിവസത്തേക്ക് രണ്ട് ലക്ഷത്തിലധികം രൂപയാണ് ബില്ലായത്. പെട്ടെന്ന് അത്രവലിയൊരു തുക എടുക്കാന്‍ കൈയിലുണ്ടായിരുന്നില്ല. അമ്മ സംഘടനയാണ് രണ്ടുലക്ഷം രൂപ ബില്ലടക്കാന്‍ തന്നത്,’ ബീന ആന്റണി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പിടിപെട്ട് ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്ന് ബീന ആന്റണി നേരത്തേ പറഞ്ഞിരുന്നു.