ഷെഫീക്കിന്റെ സന്തോഷത്തില്‍ അരോചകമായി രാഹുലിന്റെ 'താടി വെച്ച' പൊലീസ്
Film News
ഷെഫീക്കിന്റെ സന്തോഷത്തില്‍ അരോചകമായി രാഹുലിന്റെ 'താടി വെച്ച' പൊലീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th November 2022, 9:49 pm

Spoiler Alert

അനൂപ് പന്തളത്തിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25നാണ് റിലീസ് ചെയ്തത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ ചിത്രം ഷെഫീക്ക് എന്ന ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് ഒരുങ്ങിയത്.

നാട്ടുകാരുടെയും വീട്ടുകാരുടെയും നന്മ മാത്രം ആഗ്രഹിക്കുന്ന നിഷ്‌കളങ്കനാണ് ഷെഫീക്ക്. മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്നതും, നന്മ ചെയ്യുന്നതുമൊക്കെയാണ് ഷെഫീക്കിന്റെ സന്തോഷം. എന്നാല്‍ ഷെഫീക്കിന്റെ നല്ല മനസ് കാരണം അദ്ദേഹത്തിന് ഉണ്ടാകുന്ന പ്രശ്‌നവും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ രാഹുല്‍ മാധവും അഭിനയിച്ചിരുന്നു. എസ്.ഐ. അജിത്ത് രംഗന്‍ എന്ന കഥാപാത്രത്തെയാണ് രാഹുല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. കഥാഗതിയില്‍ തന്നെ നിര്‍ണായക മാറ്റം സംഭവിക്കുന്നത് അജിത്ത് രംഗന്റെ വരവോടെയാണ്.

എന്നാല്‍ പൊലീസുകാരനായിട്ടും താടി വെച്ചാണ് അജിത്തെന്ന കഥാപാത്രം സിനിമയില്‍ വരുന്നത്. ഇതിന് കാരണമായി പറയുന്നതാവട്ടെ അമ്മമ്മ മരിച്ച് പോയതാണ്. 16 ദിവസം കഴിയാതെ താടി വടിക്കാന്‍ പറ്റില്ല എന്നതാണ് കാരണമായി പറയുന്നത്. എന്നാല്‍ ഇത് സിനിമക്ക് ഒട്ടും ചേരുന്നതായി തോന്നിയില്ല. സിനിമാസ്വാദനത്തിന് തന്നെ തടസം സൃഷ്ടടിക്കുന്ന ഒന്നായി മാറി അജിത്ത് രംഗന്റെ താടി. ഷെഫീക്കിന്റെ ജീവിതത്തിലേക്ക് ഈ കഥാപാത്രം ഇടച്ചു കേറി വരുന്ന സാഹചര്യത്തിനും ലോജിക്കില്ലായ്മയാണ് തോന്നുന്നത്.

ജനഗണമനയുടെ വരികള്‍ പോലുമറിയാത്ത, അത് ദേശീയ ഗാനമാണെന്ന് കൂടി തിരിച്ചറിയാത്ത അയല്‍ക്കൂട്ടത്തിലെ സ്ത്രീകളും തീരെ ലോജിക്കില്ലാത്ത കോമഡി പോലെയാണ് തോന്നിയത്.

ഷെഫീക്കെന്ന കേന്ദ്രകഥാപാത്രമായി വന്നത് ഉണ്ണി മുകുന്ദനായിരുന്നു. ഉണ്ണി മുകുന്ദന്റെ പ്രകടനവും ശ്രദ്ധ നേടുന്നതാണ്. വളരെ ഇമോഷണലായ നന്മയുള്ള കഥാപാത്രമാണ് ഷെഫീക്ക്. മേപ്പടിയാനിലെ നായകകഥാപാത്രത്തോട് ചില സാമ്യതകള്‍ തോന്നുന്നതാണ് ഷെഫീക്ക്. മനോജ് കെ. ജയന്‍ അവതരിപ്പിച്ച ആയുര്‍വേദ ഡോക്ടറും നല്ല ഹാസ്യ നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു.

ചിത്രത്തിലെ ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്ന് ബാലയുടെ അമീറായിരുന്നു. ഇതുവരെ സീരിയസായതോ വില്ലന്‍ വേഷങ്ങളോ ഒക്കെയാണ് ബാല കൂടുതലായും ചെയ്തിട്ടുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു തമാശ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാല അവതരിപ്പിച്ചത്. സ്വന്തം ശബ്ദത്തില്‍ തമിഴ് സ്ലാങ് കലര്‍ന്ന ബാലയുടെ ഡയലോഗുകളും രസകരമായിരുന്നു.

Content Highlight: beard of si ajith rangan in shefeekkinte santhosham