കടലില്‍ ജീവന്‍ നഷ്ടപ്പെടുത്തുന്നവര്‍ അധിനിവേശകരല്ല, അഭയാര്‍ത്ഥികളോട് സഹിഷ്ണുത കാണിക്കുക; യൂറോപ്യന്‍ രാജ്യങ്ങളോട് മാര്‍പാപ്പ
World News
കടലില്‍ ജീവന്‍ നഷ്ടപ്പെടുത്തുന്നവര്‍ അധിനിവേശകരല്ല, അഭയാര്‍ത്ഥികളോട് സഹിഷ്ണുത കാണിക്കുക; യൂറോപ്യന്‍ രാജ്യങ്ങളോട് മാര്‍പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th September 2023, 9:33 am

പാരീസ്: കടലില്‍ ജീവന്‍ നഷ്ടപ്പെടുത്തുന്നവര്‍ അധിനിവേശകരല്ലെന്നും അഭയാര്‍ത്ഥികളോട് കൂടുതല്‍ സഹിഷ്ണുത കാണിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ദക്ഷിണ ഫ്രഞ്ച് നഗരമായ മെഴ്‌സെയില്‍ ബിഷപ്പുമാരോടും മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറ്റാലിയല്‍ ദ്വീപായ ലാംപെഡൂസയില്‍ കഴിഞ്ഞ ആഴ്ചയില്‍ കൂടുതല്‍ അഭയാര്‍ത്ഥികളെത്തിയതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ഉള്‍പ്പടെയുള്ളവരുണ്ടായിരുന്ന വേദിയില്‍ വെച്ചാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

നേരത്തെ,വെള്ളിയാഴ്ച മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയ ഫ്രഞ്ച് ആഭ്യന്ത്ര മന്ത്രി ജെറാള്‍ഡ് ഡാര്‍മനില്‍ ദ്വീപില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിലാണ് ഇമാനുവല്‍ മക്രോണ്‍ പങ്കെടുത്ത പരിപാടിയില്‍ മാര്‍പാപ്പയുടെ പ്രതികരണം.

ഇന്നത്തെ കാലത്ത് കുടിയേറ്റം ഒരു യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ മാര്‍പാപ്പ ബുദ്ധിപൂര്‍വമായ കാഴ്ചപ്പാടോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും പറഞ്ഞു. മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ നിന്നുയരുന്ന വിലാപങ്ങള്‍ക്ക് നാം ചെവികൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കെടുതികള്‍ കൊണ്ടും ദാരിദ്ര്യം കൊണ്ടും അഭയാര്‍ത്ഥികളായെത്തുന്നവരില്‍ നിശ്ചിത എണ്ണം ആളുകളെ നിയമപരമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ 8500 അഭയാര്‍ത്ഥികളിലാണ് ഇറ്റാലിയന്‍ ദ്വീപിലെത്തിയിട്ടുള്ളത്. 199 ബോട്ടുകളിലായാണ് അഭയാര്‍ത്ഥികളെത്തിയത്.

CONTENT HIGHLIGHTS: Be tolerant of refugees; Pope to European countries