തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ താരത്തിന് ബി.സി.സി.ഐയുടെ പിഴ!
Sports News
തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ താരത്തിന് ബി.സി.സി.ഐയുടെ പിഴ!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th May 2024, 1:04 pm

ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ 36 റണ്‍സിനാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 175 റണ്‍സ് ആണ് ടീം നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ധ്രുവ് ജുറേല്‍ നേടിയ അര്‍ധ സെഞ്ച്വറിയും മികവ് മാത്രമായിരുന്നു രാജസ്ഥാന് തുണയായി ഉണ്ടായത്. മിഡ് ഓര്‍ഡറില്‍ ഇറങ്ങിയ റിയാന്‍ പരാഗ് ആറ് റണ്‍സിന് പുറത്തായതോടെ ടീം സമ്മര്‍ദത്തിലാവുകയായിരുന്നു. അശ്വിന്‍ പൂജ്യം റണ്‍സിനു ഇംപാക്ട് ആയി വന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ നാല് റണ്‍സിനുമാണ് പുറത്തായത്.

എന്നാല്‍ മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ ഹെറ്റ്‌മെയര്‍ക്ക് ബി.സി.സി.ഐ പിഴ നല്‍കിയിരിക്കുകയാണ്. വിക്കറ്റ് ആയ ശേഷം ബാറ്റ് കൊണ്ട് സ്റ്റംപ്‌സ് അടിച്ച് ദേഷ്യം തീര്‍ത്തായിരുന്നു താരം കളം വിട്ടത്. എന്നാല്‍ അച്ചടക്കമില്ലായിമ ചൂണ്ടിക്കാണിച്ച് താരത്തിനെതിരെ ബോര്‍ഡ് പിഴ ചുമത്തുകയായിരുന്നു. ഐ.പി.എല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ലെവല്‍ 1 കുറ്റത്തിന് ഹെറ്റ്‌മെയര്‍ കുറ്റം സമ്മതിച്ച ശേഷം മാച്ച് ഫീസിന്റെ 10% പിഴ ചുമത്തുകയായിരുന്നു.

മത്സരത്തില്‍ മാച്ച് റഫറിയായിരുന്ന മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥാണ് ഹെറ്റ്‌മെയറിനെതിരെ പിഴയിട്ടത്.

‘ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ഹെറ്റ്‌മെയര്‍ ലെവല്‍ 1 കുറ്റം ചെയ്തു, പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനങ്ങള്‍ക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും നിര്‍ബന്ധവുമാണ്,’ പ്രസ്താവന തുടര്‍ന്നു.

ഇനി നടക്കാനിരിക്കുന്നത് ഐ.പി.എല്‍ ഫൈനല്‍ മത്സരമാണ്. മെയ് 26ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ആരാണ് ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്നതെന്ന് കാണേണം.

 

Content Highlight: BCCI Punished Rajasthan Royals Player Shimron Hetmyer