ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം; ലോകേഷ് ചുഗിനെതിരെയുള്ള ദല്‍ഹി സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി
national news
ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം; ലോകേഷ് ചുഗിനെതിരെയുള്ള ദല്‍ഹി സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2023, 4:09 pm

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിയായ ലോകേഷ് ചുഗിനെതിരെയുള്ള ദല്‍ഹി സര്‍വകലാശാല നടപടി റദ്ദാക്കി ദല്‍ഹി ഹൈക്കോടതി.

ഗവേഷക വിദ്യാര്‍ത്ഥിയായ ലോകേഷിനെ ഒരു വര്‍ഷത്തേക്ക് ദല്‍ഹി സര്‍വകലാശാല പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ആ വിലക്കാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത്.

ലോകേഷിനോട് കാണിച്ചത് സ്വാഭാവിക നീതിയുടെ ലംഘനമെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന്റെ സര്‍വകലാശാലയിലേക്കുള്ള പ്രവേശനം പുനസ്ഥാപിക്കുകയായിരുന്നു.

ഒരു വര്‍ഷത്തേക്ക് പരീഷ എഴുതുന്നതില്‍ നിന്ന് വിലക്കിയ മെമ്മോറണ്ടം മാര്‍ച്ച് 10നാണ് സര്‍വകലാശാല രജിസ്ട്രാര്‍ പുറത്തിറക്കിയത്. ഇതിനെ ചോദ്യം ചെയ്ത് ലോകേഷ് നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ കോടതി ഇടപെട്ടത്.

അതേസമയം കാമ്പസിനുള്ളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് സര്‍വകലാശാല പ്രതികരിച്ചത്.

തന്റെ ഗവേഷണത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ലോകേഷ് ക്യാമ്പസ് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സര്‍വകലാശാല പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ലോകേഷിന് വേണ്ടി ഹാജരായത്. സര്‍വകലാശാലക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണിയും അഭിഭാഷകന്‍ മൊഹീന്ദര്‍ ജെ.എസ്. രൂപാലും ഹാജരായി.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സമയത്ത് ലോകേഷ് അവിടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ഹരജിയില്‍ പറഞ്ഞു. ലോകേഷിന്റെ ഭാഗം കേള്‍ക്കാനുള്ള അവസരവും അച്ചടക്ക സമിതി നല്‍കിയില്ലെന്നും ഹരജിയില്‍ പറയുന്നു.

‘ലോകേഷിനെതിരെയുള്ള കുറ്റങ്ങളെയും കണ്ടെത്തലുകളെയും കുറിച്ച് അച്ചടക്ക അതോറിറ്റി അറിയിച്ചിട്ടില്ല. സംഭവത്തില്‍ ഏത് തരത്തിലാണ് അദ്ദേഹം ഇടപെട്ടതെന്ന് മെമ്മോറണ്ടത്തില്‍ പറയുന്നുമില്ല. ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തില്‍ ഹരജിക്കാരന്റെ പങ്കാളിത്തത്തെക്കുറിച്ച് മാത്രമേ മൊമ്മോറണ്ടത്തില്‍ പറയുന്നുള്ളൂ,’ ഹരജിയില്‍ പറയുന്നു.

content highlight: BBC documentary screening; High Court quashes Delhi University action against Lokesh Chugh