പ്രീമിയര്‍ ലീഗ് മാച്ചില്‍ ബ്രെന്റ്‌ഫോഡിനെ 3-0ത്തിന് തകര്‍ത്തതിന്റെ സന്തോഷത്തിലാണ് ആഴ്‌സണല്‍. ഗോള്‍ നേടിയില്ലെങ്കിലും അസിസ്റ്റുകളിലൂടെയും മികച്ച കളിയിലൂടെയും മിഡ്ഫീല്‍ഡര്‍ ഗ്രാനിറ്റ് ഹാക ആരാധക പ്രശംസ നേടിയിരുന്നു.
ഗണ്ണേഴ്‌സിന്റെ കൂട്ടത്തില്‍ കയ്യടികള്‍ വാരിക്കൂട്ടിയതും ഹാക തന്നെയായിരുന്നു. പ്രശസ്ത ഫുട്‌ബോള്‍ കോളമിസ്റ്റായ ഗാര്‍ത് ക്രൂക്‌സിന്റെ ബി.ബി.സിയിലെ കോളമായ ടീം ഓഫ് ദ വീക്കിലും സ്വിസ് താരം ഇടംനേടി.
പക്ഷെ ഹാക്കയെ കുറിച്ച് ഗാര്‍ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഹാകയെ തനിക്ക് തീരെ ഇഷ്ടമല്ലെന്നാണ് ക്രൂക്‌സ് പറയുന്നത്.
‘എനിക്ക് ഗ്രാനിത് ഹാകയെ തീരെ ഇഷ്ടമല്ല. വെറുതെ കുറെ ചൂടായി, ഭയങ്കര ഓവറായി പെരുമാറും. വല്ലാത്ത അഗ്രസീവുമാണ്. അങ്ങനെ മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ശല്യമാണ് അവന്‍. അങ്ങനെയൊക്കെ ആണെങ്കില്‍ അവന്റെ ദിവസമാണെങ്കില്‍ അവന്‍ നല്ല കിടിലനായി കളിക്കും.
അവന്‍ നേരത്തെ തന്നെ ആഴ്‌സണല്‍ വിട്ട് പോകണമായിരുന്നു. പക്ഷെ അവിടെ നിന്നും പോയില്ലെന്ന് മാത്രമല്ല ഇടക്കൊക്കെ ക്യാപ്റ്റന്‍ വരെയായി. അതാണ് അവന്റെയൊക്കെ ഒരു പോപ്പുലാരിറ്റി,’ ക്രൂക്‌സ് പറയുന്നു.
‘ബ്രെന്റ്‌ഫോഡിനെതിരെ ഹാകയും ആഴ്‌സണലും മികച്ച ഗെയിമാണ് പുറത്തെടുത്തത്. ബ്രെന്റ്‌ഫോഡ് എന്തുകൊണ്ടാണ് ഈ മാച്ചിന് വേണ്ടി തയ്യാറെടുപ്പുകളൊന്നും നടത്താതിരുന്നത് എന്നെനിക്കറിയണമെന്നുണ്ട്. അല്ല, ഇനിയിപ്പൊ അവര്‍ മികച്ച രീതിയില്‍ കളിച്ചിരുന്നെങ്കില്‍ പോലും ആഴ്‌സണല്‍ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലായിരുന്നു. അത്രയും ഗംഭീര കളിയായിരുന്നു,’ എന്നാണ് ക്രൂക്‌സ് പറഞ്ഞത്.
ക്രൂക്‌സിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഹാക്കയുടെ ഫോമില്ലായ്മയും മറ്റു പ്രശ്‌നങ്ങളുമാണ് ക്രൂക്‌സിന്റെ അഭിപ്രായത്തിന് പിന്നിലെന്നാണ് ചിലര്‍ പറയുന്നത്.
പക്ഷെ ഈ വര്‍ഷത്തെ ഹാക്കയുടെ പെര്‍ഫോമന്‍സ് അതിഗംഭീരമാണെന്നും അതുകൊണ്ട് ഇനിയും ഹാക്കയെ കുറ്റം പറഞ്ഞിരിക്കാനാകില്ലെന്നുമാണ് മറ്റ് അഭിപ്രായങ്ങള്‍.
ബ്രെന്റ്‌ഫോഡിനെതിരായ മത്സരത്തില്‍ ആഴ്‌സണലിന് വേണ്ടി വില്യം സലിബയും ഗബ്രിയേല്‍ ജീസസും ഫാബിയോ വിയേരയുമാണ് ഗോള്‍ നേടിയതെങ്കിലും, ഹാക്കയുടെ അസിസ്റ്റായിരുന്നു ഏറെ ശ്രദ്ധ നേടിയത്.
Content Highlight: BBC Columnist against Arsenal player Granit Xhaka