ഈ പോക്കാണെമെങ്കിൽ അർജന്റീനയും ഇവർക്ക് മുന്നിൽ വീഴും; ലോകത്തിൽ ഇവരെ വെല്ലാൻ ആരുമില്ലേ?
Cricket
ഈ പോക്കാണെമെങ്കിൽ അർജന്റീനയും ഇവർക്ക് മുന്നിൽ വീഴും; ലോകത്തിൽ ഇവരെ വെല്ലാൻ ആരുമില്ലേ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 4:28 pm

ബുണ്ടസ്‌ലീഗയില്‍ ബയര്‍ ലെവര്‍ക്കൂസന് തകര്‍പ്പന്‍ വിജയം. മെയിന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലെവര്‍ക്കൂസന്റെ വിജയം.

ഈ തകര്‍പ്പന്‍ വിജയത്തിന് ഒരു റെക്കോഡ് നേട്ടമാണ് സാബി അലോണ്‍സയും കൂട്ടരും സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ തോല്‍വിയറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ആദ്യ ജര്‍മന്‍ ടീമെന്ന നേട്ടമാണ് ബയര്‍ ലെവര്‍ക്കൂസന്‍ സ്വന്തമാക്കിയത്. നീണ്ട 33 മത്സരങ്ങളിലാണ് ബയര്‍ ലെവര്‍ക്കൂസന്‍ പരാജയപ്പെടാതെ അണ്‍ബീറ്റണ്‍ റണ്‍ നടത്തിയത്.

ലെവര്‍ക്കൂസന്റെ തട്ടകമായ ബേ അറീനയില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന് ഫോര്‍മേഷനില്‍ ആണ് ഹോം ടീം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-4-3 എന്ന ശൈലിയുമായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ഗ്രാന്‍ഡിറ്റ് സാക്കയിലൂടെ ആതിഥേയര്‍ ആണ് ആദ്യം ലീഡ് നേടിയത്. നാല് മിനിട്ടുകള്‍ക്ക് ശേഷം മെയിന്‍സ് ഗോള്‍ തിരിച്ചടിച്ചു. ഏഴാം മിനിട്ടില്‍ ഡോമിനിക് കോഹ്റിലൂടെയാണ് സന്ദര്‍ശകര്‍ മറുപടി ഗോള്‍ നേടിയത്.

ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പകുതിയില്‍ 68ാം മിനിട്ടില്‍ റോബര്‍ട്ട് ആന്‍ഡ്രിച്ചിലൂടെ ബയര്‍ ലെവര്‍ക്കൂസന്‍ വിജയഗോള്‍ നേടുകയായിരുന്നു.

ജയത്തോടെ ബുണ്ടസ്‌ലീഗയില്‍ 23 മത്സരങ്ങളില്‍ നിന്നും 19 വിജയവും നാല് സമനിലയുമായി 61 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ലെവര്‍ക്കൂസന്‍.

ബുണ്ടസ്‌ലീഗയില്‍ മാര്‍ച്ച് മൂന്നിന് കൊലനെതിരെയാണ് ലെവര്‍ക്കൂസന്റെ അടുത്ത മത്സരം.

Content Highlight: Bayer Levarkusen create a new record