Criket News
'ഇന്ത്യന്‍ ടീമില്‍ അവന്‍ ഇനിയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'; ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ താരത്തെക്കുറിച്ച് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 20, 11:36 am
Saturday, 20th May 2023, 5:06 pm

ഇരുപത്തിയൊന്നുകാരനായ യശസ്വി ജയ്സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിനായി
ഐ.പി.എല്‍ 2023 സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. 14 മത്സരങ്ങളില്‍ നിന്ന് 625 റണ്‍സുമായി നിലവില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ജയ്സ്വാള്‍. 13 മത്സരങ്ങളില്‍ നിന്ന് 702 റണ്‍സുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഫാഫ് ഡു പ്ലെസിയാണ് താരത്തിന് മുന്നിലുള്ള ഒരേയൊരു ബാറ്റര്‍.

വെള്ളിയാഴ്ച നിര്‍ണായക മത്സരത്തില്‍, രാജസ്ഥാന്റെ നാല് വിക്കറ്റ് വിജയത്തിലും യശസ്വി ജയ്സ്വാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 36 പന്തില്‍ 50 റണ്‍സാണ്
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ജയ്സ്വാള്‍ നേടിയത്.

ഐ.പി.എല്ലിലെ ഈ സീസണിലെ മികച്ച പ്രകടനം കാരണം യശസ്വി ജയ്സ്വാളിന്റെ ഇന്ത്യക്കായുള്ള അന്താരാഷ്ട്ര അരങ്ങേറ്റം ഉടന്‍ ഉണ്ടായേക്കുമെന്ന് പറയുകയാണ് ബാറ്റിങ്ങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. വെള്ളിയാഴ്ചത്തെ മത്സരത്തിന് മുമ്പ് സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

‘ഈ സീസണില്‍ യശസ്വി ബാറ്റ് ചെയ്ത രീതി എന്നെ സന്തോഷിപ്പിക്കുന്നതാണ്. അദ്ദേഹം ഒരു നല്ല ബാറ്ററാണ്. ഇന്ത്യക്കായി കളിക്കാനുള്ള ശരിയായ മാനസികാവസ്ഥയും സാങ്കേതികതയും ജയ്സ്വാളിനുണ്ട്,’ സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജയ്സ്വാളിന്റെ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലെത്താന്‍ ഇനി നേരിയ സാധ്യത മാത്രമെയുള്ളു. മുംബൈ, ബെംഗളൂരു എന്നീ ടീമുകളുടെ അവസാന മത്സരത്തിലെ വിജയ പരാജയങ്ങള്‍ കൂടി രാജസ്ഥാന്റെ സാധ്യതയെ സ്വാധീനിക്കും.