അവനെ പാകിസ്ഥാൻ എന്നും ഭയപ്പെട്ടിരുന്നു: വസിം അക്രം പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി മുൻ താരം
Cricket
അവനെ പാകിസ്ഥാൻ എന്നും ഭയപ്പെട്ടിരുന്നു: വസിം അക്രം പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി മുൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 7:45 am

ക്രിക്കറ്റ് ലോകത്ത് എല്ലാകാലത്തും ആവേശം നിലനില്‍ക്കുന്ന മത്സരങ്ങളില്‍ ഒന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്ന പല മത്സരങ്ങളിലും ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ഇപ്പോഴിതാ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഒരു മത്സരത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. പാകിസ്ഥാന്റെ  ഇതിഹാസ താരമായ വസീം അക്രമവും ആയുള്ള അഭിമുഖത്തിലാണ് ബാസിത് പഴയ മത്സരങ്ങളിലെ ഓര്‍മകള്‍ പങ്കുവെച്ചത്. 1990 കളില്‍ നടന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രകടനങ്ങളെ കുറിച്ചായിരുന്നു ബാസിത് പറഞ്ഞത്.

‘സച്ചിന്‍ ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററും ഞാന്‍ ഒരു മധ്യനിര ബാറ്ററും ആയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് എല്ലായ്‌പോഴും കാണാറുണ്ടായിരുന്നു. ഞങ്ങളുടെ ടീം മീറ്റിങ്ങുകളില്‍ അന്നത്തെ ക്യാപ്റ്റന്‍ വസിം അക്രം എല്ലാ സമയത്തും പറയുമായിരുന്നു, പ്രത്യേകിച്ച് പരിശീലന സമയങ്ങളിലും ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ പോലും. ‘ സച്ചിനെ പുറത്താക്കിയാല്‍, ഞങ്ങള്‍ക്ക് മത്സരം വിജയിക്കാം. സച്ചിന്‍ ഔട്ട് ആയാല്‍ ഉടന്‍തന്നെ പാകിസ്ഥാന്‍ വിജയിക്കുമായിരുന്നു. അസറുദ്ദീന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ അവനെ ഭയപ്പെട്ടിരുന്നില്ല മറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറെ തീര്‍ച്ചയായും ഭയപ്പെട്ടിരുന്നു,’ ബാസിത്ത് അലി പറഞ്ഞതായി ടി.ഒ.ഐ റിപ്പോര്‍ട്ട് ചെയ്തു.

ക്രിക്കറ്റില്‍ ‘ലിറ്റില്‍ മാസ്റ്റര്‍’ എന്ന് വിളിപ്പേരുള്ള സച്ചിന്‍ ഒരു അവിസ്മരണീയമായ ക്രിക്കറ്റ് കരിയറാണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. ടെസ്റ്റില്‍ 51 സെഞ്ച്വറികളും ഏകദിനത്തില്‍ 49 സെഞ്ച്വറികളും നേടിക്കൊണ്ട് 100 സെഞ്ച്വറികള്‍ ആണ് സച്ചിന്റെ അക്കൗണ്ടില്‍ ഉള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ താരവും സച്ചിന്‍ തന്നെയാണ്.

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ 1989ല്‍ അരങ്ങേറ്റം കുറിച്ച് സച്ചിന്‍ 200 മത്സരങ്ങളില്‍ 329 ഇന്നിങ്‌സുകളില്‍ നിന്നും 15921 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ 452 ഇന്നിങ്‌സില്‍ 18426 റണ്‍സും താരം നേടിയിട്ടുണ്ട്.

 

Content Highlight: Basit Ali Talks About Sachin Tendulker