എങ്ങനെയെങ്കിലും എന്നെ പുറത്താക്കണമെന്ന് അവര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ പോയി രാജിക്കത്ത് കൊടുത്തത്; അനുഭവം പറഞ്ഞ് ബേസില്‍
Entertainment news
എങ്ങനെയെങ്കിലും എന്നെ പുറത്താക്കണമെന്ന് അവര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ പോയി രാജിക്കത്ത് കൊടുത്തത്; അനുഭവം പറഞ്ഞ് ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th November 2021, 1:04 pm

മലയാളത്തിലെ പ്രിയപ്പെട്ട യുവതാരങ്ങള്‍ ഒരുമിക്കുന്ന ചിത്രമാണ് ജാന്‍ എ മന്‍. ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രമാകുന്ന സിനിമയില്‍ ഗണപതി, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ജോലി സ്ഥലത്ത് ഒറ്റപ്പെട്ട് കഴിയുന്ന യുവാവ് നാട്ടിലെത്തി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ സൂചന നല്‍കുന്നത്.

സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ക്കൊപ്പം വ്യക്തിജീവിതത്തിലെ വിശേഷങ്ങളും പങ്കുവെക്കുകയാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ്, സിനിമയിലെ കഥാപാത്രത്തെ പോലെ ജീവിതത്തില്‍ മടുപ്പ് തോന്നിയ സമയത്തെക്കുറിച്ച് ബേസില്‍ പറയുന്നത്.

ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന സമയത്ത് ജോലിയുടെ ഭാഗമായി ചെന്നൈയിലെ ഒരു ബാങ്കില്‍ വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവമാണ് താരം പറയുന്നത്.

”ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന സമയത്ത് ചെന്നൈയില്‍ ഓണ്‍സൈറ്റ് കിട്ടിയിരുന്നു. ഒന്ന്, രണ്ട് മാസം. അപ്പൊ ഒരു ബാങ്കില്‍ ജോലി ചെയ്യേണ്ടി വന്നിരുന്നു.

ബാങ്കിന്റെ മാനേജരുടെ തൊട്ടടുത്ത് തന്നെയായിരുന്നു ഞാന്‍ ജോലി ചെയ്തത്. ഒന്ന് അനങ്ങാന്‍ പോലും അയാള്‍ സമ്മതിക്കൂല. ഒന്ന് ചായ കുടിക്കണമെങ്കില്‍ പോലും പുള്ളിയോട് ചോദിക്കണം.

ആ രണ്ട് മാസം എനിക്ക് തീരെ പറ്റിയിരുന്നില്ല. അതിന് ശേഷം ഞാന്‍ ഓണ്‍സൈറ്റേ എടുത്തിട്ടില്ല.

അച്ഛന്‍ സുഖമില്ല അമ്മയ്ക്ക് സുഖമില്ല, വയറുവേദന എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒഴിവാകും. അവസാനം കമ്പനിയ്ക്കും മനസിലായി ഞാന്‍ ആ പണി എടുക്കില്ലാന്ന്.

എങ്ങനെയെങ്കിലും എന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കണമെന്ന് അവര്‍ വിചാരിച്ച് ഇരിക്കുമ്പോഴാണ് ഞാന്‍ പോയി രാജിക്കത്ത് കൊടുത്തത്. രാജി വെച്ച് ഞാന്‍ തന്നെ അവിടന്ന് ഇറങ്ങി,” ബേസില്‍ പറയുന്നു.

വികൃതി’ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ജാന്‍ എ മന്‍ നിര്‍മിച്ചിരിക്കുന്നത്.

ചിദംബരവും ഗണപതിയും, സപ്‌നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Basil Joseph talks about personal experiences while working in a bank