Entertainment
മിന്നല്‍ മുരളിയിലെ വില്ലനെ കിട്ടാന്‍ ആറ് മാസം സമയമെടുത്തു; രണ്ട് പേര്‍ക്ക് ഒരേ മിന്നലില്‍ നിന്ന് പവര്‍ കിട്ടുന്നത് ചിന്തയിലില്ലായിരുന്നു: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 03, 03:05 pm
Monday, 3rd February 2025, 8:35 pm

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന ലേബലില്‍ 2021ല്‍ പുറത്തിറങ്ങിയ സിനിമയാണ് മിന്നല്‍ മുരളി. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ തോമസാണ് ടൈറ്റില്‍ റോളിലെത്തിയത്.

അതുവരെ കണ്ടുശീലിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു മിന്നല്‍ മുരളിയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായ മിന്നല്‍ മുരളിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്.

മിന്നല്‍ മുരളിയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയില്‍ വില്ലനെ കിട്ടാന്‍ ആറ് മാസത്തോളം സമയം എടുത്തുവെന്നും ഒരു മിന്നലില്‍ നിന്ന് രണ്ട് പേര്‍ക്ക് പവര്‍ കിട്ടുന്നത് ആദ്യം ചിന്തയിലേ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മിന്നല്‍ മുരളിയില്‍ ആദ്യം രണ്ട് പേര്‍ക്ക് ഒരേ മിന്നലില്‍ നിന്ന് പവര്‍ കിട്ടുന്നു എന്നുള്ളത് നമ്മുടെ ചിന്തയിലേ ഇല്ലായിരുന്നു. ഒരു മിന്നല്‍ അടിച്ചിട്ട് ഗ്രാമത്തിലുള്ള പയ്യന് പവര്‍ കിട്ടുന്നു എന്നുള്ളത് മാത്രമേ നമ്മുടെ കഥയില്‍ ഉണ്ടായിരുന്നുള്ളു.

അവിടെ പിന്നെ വില്ലനെ എങ്ങനെ ഉണ്ടാക്കും എന്നുള്ളതായിരുന്നു നമ്മുടെ ആലോചന. ഇവനെ വെല്ലാന്‍ ഒരു വില്ലന്‍ വേണമല്ലോ. രാഷ്ട്രീയക്കാരന്‍ പറ്റില്ല, ഗ്യാങ്സ്റ്റര്‍ പറ്റില്ല, കാരണം അവരൊക്കെ മിന്നല്‍ മുരളി ഒരു ഇടി ഇടിച്ചാല്‍ പറന്ന് പോകില്ലേ, അങ്ങനെ ഒത്ത ഒരു വില്ലനെ എങ്ങനെ ഉണ്ടാകും എന്ന് ഇരുന്ന് ആലോച്ചു.

ആറ് മാസം ഞങ്ങള്‍ ആലോചിച്ചു. ഒരു വില്ലനെ കിട്ടുന്നില്ല. പല രീതിയിലുള്ള വില്ലന്മാരെ ആലോചിച്ചു. കിട്ടുന്നില്ല. സൂപ്പര്‍ വില്ലന്മാരെ ആലോചിച്ചു. ഒന്നും ശരിയാകുന്നില്ല. വേണേല്‍ പിന്നെ എന്തെങ്കിലും കെമിക്കല്‍ റിയാക്ഷന്‍ എല്ലാം നടന്ന് വില്ലന്മാര്‍ വരും എന്ന് കരുതിയാല്‍, കുറുക്കന്‍മൂലയില്‍ തന്നെ ഇതെല്ലം നടക്കാന്‍ കുറുക്കന്‍മൂല വല്ല ‘ഗോഥം’ ഒന്നും അല്ലല്ലോ.

ഒരു ഫാന്റസിയില്‍ കൂടുതലൊന്നും അവിടെ പറ്റില്ല. ഒറ്റ കള്ളക്കഥയെ നടക്കുകയുള്ളൂ. അങ്ങനെ ഒരു സുപ്രഭാതത്തില്‍ വെറുതെ ഇരുന്നപ്പോഴാണ് ഒരു മിന്നല്‍ രണ്ട് പേര്‍ക്കും അടിച്ചൂടേ എന്ന തോന്നല്‍ വരുന്നത്.

ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഒരു മിന്നല്‍ രണ്ട് പേര്‍ക്ക് അടിക്കുന്നത് കിട്ടാന്‍ നിങ്ങള്‍ക്ക് ആറ് മാസം സമയം എടുത്തോയെന്നൊക്കെ തോന്നാം. എന്നാല്‍ അന്ന് നമുക്ക് ഈ ചിന്തയിലേക്കെത്താന്‍ അത്രയും സമയമെടുത്തു,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph talks about Minnal Murali