മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2015ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണം എന്ന സിനിമയിലൂടെയാണ് ബേസില്‍ ഒരു സംവിധായകനായി എത്തുന്നത്. ദീപു പ്രദീപിന്റെ തിരക്കഥയില്‍ എത്തിയ കുഞ്ഞിരാമായണത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബിജു മേനോന്‍, സൃന്ദ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു ഒന്നിച്ചത്.
കുഞ്ഞിരാമായണം തന്റെ ആദ്യ സിനിമയായതിനാല്‍ തനിക്ക് അതില്‍ ഒന്നും നഷ്ടപ്പെടാന്‍ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. അന്ന് ഒന്നും ആലോചിക്കാതെയാണ് ആ സിനിമ ചെയ്തതെന്നും അദ്ദേഹം പറയുന്നു. മനസിലുള്ള ഒരു സിനിമ ചെയ്യുകയെന്നത് മാത്രമായിരുന്നു ഉദ്ദേശമെന്നും നടന്‍ പറയുന്നു. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു ബേസില്‍ ജോസഫ്.
‘കുഞ്ഞിരാമായണം ചെയ്യുന്ന സമയത്ത് ഇന്നത്തെ അത്രയും പ്രശ്‌നം ഉണ്ടായിരുന്നില്ല. പിന്നെ അത് എന്റെ ആദ്യത്തെ സിനിമയായിരുന്നു. എനിക്ക് അതില്‍ ഒന്നും നഷ്ടപ്പെടാന്‍ ഉണ്ടായിരുന്നില്ല. അന്ന് ഒന്നും ആലോചിക്കാതെയാണ് സിനിമ ചെയ്തത്. അങ്ങനെ കാര്യമായി ആലോചിക്കാനുള്ള ബുദ്ധിയൊന്നും ഉണ്ടായിരുന്നില്ല.
പ്രായത്തിന്റേതായ ഇമ്മച്ചൂരിറ്റി ഉണ്ടായിരുന്നു. നമുക്ക് കൂടുതലൊന്നും ആലോചിക്കാനുള്ള കഴിവോ റെസ്‌പോണ്‍സിബിളിറ്റിയുടെ അമിത ഭാരമോ അന്നില്ല. മനസിലുള്ള ഒരു സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു അന്ന് ചെയ്യാന്‍ ഉണ്ടായിരുന്നത്. ഒരു മുത്തശ്ശി കഥ പോലെയുള്ള സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു മനസില്‍ ഉണ്ടായിരുന്നത്. പക്ഷെ ഒരുപാട് ആലോചിച്ചിരുന്നെങ്കില്‍ ഇന്ന് ആ സിനിമ ചെയ്യാന്‍ പറ്റില്ലായിരുന്നു.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ സിനിമയിലെ പല സീനുകളും വളരെ തിന്‍ ആയതാണ്. ഇപ്പോള്‍ നോക്കുമ്പോള്‍ അത് എന്തൊരു റിസ്‌ക്കായിരുന്നു എന്നാണ് ചിന്തിക്കുന്നത്. ഈ സമയത്താണെങ്കില്‍ കുഞ്ഞിരാമായണം പോലൊരു സിനിമ ഞാന്‍ ചെയ്യില്ല. ചെയ്താല്‍ തന്നെ അത് വേറെയൊരു കുഞ്ഞിരാമായണം ആയേനേ,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talks About Kunjiramayanam Movie