ക്യാമ്പസ് കാലഘട്ടത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്ക പറയുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. കോളേജ് എന്ന് പറയുമ്പോള്‍ തന്നെ മനസിലേക്ക് ആദ്യം വരുന്നത് തന്റെ പങ്കാളിയാണെന്നും അവിടെ വെച്ചാണ് ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയതെന്നും ബേസില്‍ പറഞ്ഞു.
തനിക്ക് കോളേജ് ജീവിതത്തില്‍ നിന്നും കിട്ടിയ ട്രോഫിയാണ് പങ്കാളി എലിസബത്തെന്നും തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് അക്കാലത്താണെന്നും ബേസില്‍ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘കോളേജ് എന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം വരുന്നത് എന്റെ ഭാര്യ എലിസബത്താണ്. ഞങ്ങള്‍ എലിയെന്നാണ് വിളിക്കുന്നത്. കോളേജില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്. കോളേജില്‍ വെച്ച് തന്നെയാണ് പ്രണയിക്കുന്നതും. പിന്നെ വിവാഹിതരാകുന്നത് പ്രായമായതിനുശേഷമാണ്.
എനിക്ക് കോളേജില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ ട്രോഫി അവളായിരുന്നു. എഞ്ചിനിയറിങ്ങൊക്കെ പഠിച്ചു. അത് പഠിച്ചു എന്നുമാത്രമാണ്. ശരിക്കും പറഞ്ഞാല്‍ മൊത്തത്തിലുള്ള എന്റെ ലൈഫ് മാറ്റിയത് കോളേജിലുള്ള നാല് വര്‍ഷമാണ്. അതുവരെ ഉണ്ടായിരുന്ന ഒരാളെയായിരുന്നില്ല പിന്നീട് അങ്ങോട്ട്.
ശരിക്കും പുതിയൊരു ലോകമായിരുന്നു കോളേജ് എനിക്ക്. സ്വാതന്ത്ര്യമൊക്കെ എനിക്ക് അവിടെ നിന്നുമാണ് കിട്ടി തുടങ്ങുന്നത്. പഠിച്ചത് സര്‍ക്കാര്‍ കോളേജിലായതുകൊണ്ട് സ്വാതന്ത്ര്യം അല്‍പം കൂടുതലുണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.
കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള എല്ലാ നാട്ടിലെയും പിള്ളേര്‍ അവിടെയുണ്ടായിരുന്നു. പല ഭാഷകളും പല സംസ്‌കാരങ്ങളും പല രീതിയിലുള്ള ആളുകളുമൊക്കെ അവിടെയുണ്ടായിരുന്നു. അതിന്റെ ഇടയിലൂടെയാണ് എന്റെ പ്രേമമൊക്കെ നടക്കുന്നത്. ഞാന്‍ മൂന്നാം വര്‍ഷം പഠിക്കുമ്പോഴുള്ള എലിയുടെ ഒരു ബര്‍ത്ത് ഡേക്കാണ് ഞാന്‍ ആദ്യമായി അവളെ പ്രൊപ്പോസ് ചെയ്യുന്നത്,’ ബേസില്‍ ജോസഫ് പറഞ്ഞു.
content highlight: basil joseph talks about his wife elizabath