ഹ്യൂമർ സിനിമകളിലെ ഇപ്പോഴത്തെ ക്വീൻ, ആദ്യ സിനിമ മുതൽ ഞാൻ അവളെ ശ്രദ്ധിച്ചു: ബേസിൽ
Entertainment
ഹ്യൂമർ സിനിമകളിലെ ഇപ്പോഴത്തെ ക്വീൻ, ആദ്യ സിനിമ മുതൽ ഞാൻ അവളെ ശ്രദ്ധിച്ചു: ബേസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 10:43 am

ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം തന്റെ പ്രകടനം കൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധേയയായി മാറി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ ഗ്രേസിന് സാധിച്ചു.

ഈയിടെ ഇറങ്ങിയ നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന വെബ് സീരീസിലെ ലില്ലി കുട്ടി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുന്ന ജീത്തു ജോസഫ് ചിത്രം നുണക്കുഴിയിലും ഗ്രേസ് കയ്യടി നേടുകയാണ്.

ഗ്രേസിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ നായകനായ ബേസിൽ ജോസഫ്. ഹ്യൂമർ സിനിമകളിലെ ഒരു ക്വീനാണ് ഗ്രേസെന്നും ഗ്രേസിന്റെ പ്രകടനം താൻ ആദ്യചിത്രം മുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും ബേസിൽ പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.

‘ഗ്രേസ് ഈ ഏരിയയിലെ ക്വീനാണ്. ഹ്യൂമർ സിനിമകളിൽ ഗ്രേസിന് നല്ല കഴിവുണ്ട്. അപാരമായ റിയാക്ഷൻസും സട്ടിലായിട്ടുള്ള കാര്യങ്ങളും അവതരിപ്പിക്കാൻ ഗ്രേസിന് അറിയാം.

ആദ്യ സിനിമ മുതൽ ഞാനത് ശ്രദ്ധിക്കുന്നുണ്ട്. ഹാപ്പി വെഡിങ്ങും കുമ്പളങ്ങി നൈറ്റ്‌സ് കാണുമ്പോഴും അതുപോലെ കനകം കാമിനി കലഹം കാണുമ്പോഴുമെല്ലാം ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രേസിന് ഇത് എന്തായാലും പുള്ളോഫ്‌ ചെയ്യാൻ പറ്റുമെന്ന് എനിക്കുറപ്പായിരുന്നു. ചെറിയ സാധനങ്ങളൊക്കെ ഇടുന്നത് കാണാൻ നല്ല രസമാണ്,’ബേസിൽ പറയുന്നു.

നുണക്കുഴിയിലെ ഗ്രേസിന്റെ പ്രകടനം കണ്ട് താൻ ഞെട്ടിയെന്നും ഉർവശിയുടെയും കല്പനയുടെയുമെല്ലാം അഭിനയമാണ് ഗ്രേസിന്റെ പ്രകടനം കണ്ടപ്പോൾ തനിക്ക് ഓർമ വന്നതെന്നും നടൻ ബൈജുവും കൂട്ടിച്ചേർത്തു.

‘സത്യം പറഞ്ഞാൽ ഞാൻ ഗ്രേസിന്റെ അഭിനയം കണ്ട് ഞെട്ടിപോയി. മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ പറഞ്ഞാൽ ഒരു ഉർവശിയും കല്പനയും എല്ലാംകൂടെ ചേർന്ന ഒരാളാണ്. കലക്കൻ ആർട്ടിസ്റ്റാണ് ഗ്രേസ്,’ബൈജു പറഞ്ഞു.

 

Content Highlight: Basil Joseph Talk About Performance Of Grace Antony