സൂപ്പര്‍ ലീഗ് കേരളയുടെ ആവേശകരമായ ആദ്യ സീസണിന് തുടക്കം കുറിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനായി കാലിക്കറ്റ് എഫ്.സി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെയാണ് കാലിക്കറ്റ് എഫ്.സി തങ്ങളുടെ പോരാട്ടത്തിനിറങ്ങുന്നത്.
ഈ ആവേശകരമായ മത്സരത്തിനു മുന്നോടിയായി കാലിക്കറ്റ് എഫ്.സി തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാള സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫിനെയാണ് കാലിക്കറ്റ് എഫ്.സിയുടെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തത്. കാലിക്കറ്റ് എഫ്.സി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബേസിലിന്റെ വരവ് പുതിയ മത്സരത്തിനായി തയ്യാറെടുക്കുന്ന കാലിക്കറ്റ് എഫ്.സിക്ക് പുതിയ ഊര്‍ജമായിരിക്കും നല്‍കുക.
We’re pleased to announce that Malayalam film director and actor Basil Joseph has joined Calicut FC as their brand ambassador for this SLK season. Welcome aboard, Basil! ⚽️🔥 #CalicutFC #BasilJoseph #SuperLeagueKerala pic.twitter.com/8qu8dAd7Y7
— Super League Kerala Fan (@SuperLeagueKer) September 9, 2024
മലയാള സിനിമ മേഖലയില്‍ നിന്നും നേരത്തെ തന്നെ ധാരാളം സെലിബ്രേറ്റികള്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളുടെ ഉടമകളായി മാറിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, നിവിന്‍ പൊളി എന്നിവരാണ് ക്ലബ്ബുകളുടെ ഉടമകള്‍. പൃഥ്വിരാജ് ഫോഴ്‌സ കൊച്ചിയുടേയും ആസിഫ് കണ്ണൂര്‍ വാരിയേഴ്‌സിന്റെയും നിവിന്‍ പോളി തൃശൂര്‍ മാജിക് എഫ്.സിയുടെയും സഹ ഉടമകളാണ്.
ഇംഗ്ലണ്ട് പരിശീലകനായ ഇയാന്‍ ആന്‍ഡ്രൂ ഗില്ലന്റെ നേതൃത്വത്തിലാണ് കാലിക്കറ്റ് എഫ്.സി സൂപ്പര്‍ ലീഗ് കേരളയില്‍ പന്തു തട്ടാനൊരുങ്ങുന്നത്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് ഗില്ലന്‍ കാലിക്കറ്റ് എഫ്.സിയുടെ പരിശീല കുപ്പായമണിയുന്നത്. നേപ്പാളിലെ ലളിത്പൂര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹെഡ് കോച്ച് ആയിട്ടാണ് ഗില്ലന്‍ ഒടുവില്‍ പ്രവര്‍ത്തിച്ചത്.
മുന്‍ അണ്ടര്‍-21 ഇന്ത്യന്‍ താരവും അണ്ടര്‍ 16 ദേശീയ വനിതാ ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്ന ബിബി തോമസ് മുട്ടത്ത് ആണ് കാലിക്കറ്റ് എഫ്.സിയുടെ അസിസ്റ്റന്റ് കോച്ച്. 46 കാരനായ ബിബി തോമസ് ബെംഗളൂരു എഫ്.സിയുടെ ടെക്നിക്കല്‍ ഡയറക്ടറും സന്തോഷ് ട്രോഫി കര്‍ണാടക ടീമിന്റെ മുഖ്യ പരിശീലകനുമാണ്. 2023-24 ലെ സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ സെലക്ടറുമായിരുന്നു ബിബി തോമസ്.
Content Highlight: Basil Joseph is the New Ambassador of Calicut FC