ചാമ്പ്യൻസ് ലീഗിൽ അടിപതറിയെങ്കിലും ലാ ലിഗയിൽ മികവോടെ മുന്നേറുകയാണ് ബാഴ്സ. ലാ ലിഗയിലെ 20 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളുമായി 53 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ എട്ട് പോയിന്റിനാണ് ബാഴ്സലോണ പോയിന്റ് ടേബിളിൽ മുന്നിട്ട് നിൽക്കുന്നത്.
എന്നാൽ ലീഗിലെ അപ്രമാധത്വം നിലനിർത്താനും തുടർന്ന് വരുന്ന സീസണുകളിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകൾ വിജയിക്കുക എന്ന ലക്ഷ്യത്തോടെയും പുതിയ താരത്തെ സൈൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മുൻ റയൽ മാഡ്രിഡ് താരമായ ഏഞ്ചൽ ഡി മരിയയെയാണ് ബാഴ്സ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമം നടത്തുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലാണ് താരം കളിക്കുന്നത്.
മുന്നേറ്റ നിരയിൽ പരിചയസമ്പത്തുള്ള അറ്റാക്കിങ് പ്ലെയേഴ്സിനെകൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ഡി മരിയയെ റയൽ ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
സ്പാനിഷ് മാധ്യമമായ ഫിച്ചാജെസാണ് ഡി മരിയയെ ബാഴ്സ തങ്ങളുടെ ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
കഴിഞ്ഞ സീസണിലും സാവി ഡി മരിയയെ ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെന്നും എന്നാൽ ബാഴ്സയിലെ ഉന്നതർ അതിന് തടസം ഉന്നയിക്കുകയായിരുന്നെന്നും മുമ്പ് മുണ്ടോ ഡീപോർട്ടീവോ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സീസണിൽ യുവന്റസിനായി കളിച്ച 12 മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഡി മരിയ സ്വന്തമാക്കിയത്.
റയൽ മാഡ്രിഡിൽ നിന്നും വളരെ അപൂർവ്വമായി മാത്രമേ താരങ്ങളെ ബാഴ്സലോണ സൈൻ ചെയ്യാറുള്ളൂ.