എന്നെ തടയാന്‍ വെറും പിസ്റ്റള്‍ മതി, എന്നാല്‍ അവനെ തടയാന്‍ മെഷീന്‍ ഗണ്‍ തന്നെ വേണം; ഇതിഹാസത്തെ പ്രശംസിച്ച് സ്റ്റോയ്ക്കോവ്
Sports News
എന്നെ തടയാന്‍ വെറും പിസ്റ്റള്‍ മതി, എന്നാല്‍ അവനെ തടയാന്‍ മെഷീന്‍ ഗണ്‍ തന്നെ വേണം; ഇതിഹാസത്തെ പ്രശംസിച്ച് സ്റ്റോയ്ക്കോവ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd August 2024, 10:07 am

പ്രതിഭ കൊണ്ടും കഠിനപരിശ്രമം കൊണ്ടും ഫുട്‌ബോള്‍ ലോകത്ത് തന്റെ സിംഹാസനം നേടിയെടുത്ത താരമാണ് ലയണല്‍ മെസി. ബാഴ്‌സലോണയില്‍ പന്തുതട്ടി കളിയടവ് പഠിച്ച മെസിക്ക് തന്റെ കാലിലൊളിപ്പിച്ച മാജിക് കൊണ്ട് ലോകമൊന്നാകെ കാല്‍ക്കീഴിലാക്കാന്‍ അധികകാലം വേണ്ടി വന്നില്ല.

ബാഴ്‌സക്കൊപ്പം സ്‌പെയ്‌നും യൂറോപ്പും കീഴടക്കിയ താരം പി.എസ്.ജിക്കൊപ്പം ഫ്രാന്‍സും കീഴടക്കി. ലോകകപ്പടക്കം അര്‍ജന്റീനയെ നാല് കിരീടങ്ങളണിയിച്ച താരം ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്കും നയിച്ചിരുന്നു.

 

മെസിയുടെ ആക്രമണോത്സുക ഫുട്‌ബോളിനെ കുറിച്ചുള്ള മുന്‍ ബാഴ്‌സലോണ സൂപ്പര്‍ താരവും ബള്‍ഗേറിയന്‍ ഇന്റര്‍നാഷണലും ബാലണ്‍ ഡി ഓര്‍ ജേതാവുമായ ഹ്രിസ്‌റ്റോ സ്‌റ്റോയ്‌ക്കോവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

2010 ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയുടെ മികവില്‍ ബാഴ്സ ആഴ്സണലിനെ തകര്‍ത്ത മത്സരത്തിലെ മെസിയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് താരത്തെ സ്റ്റോയ്ക്കോവ് പ്രശംസിച്ചത്.

‘പണ്ട് ഒരു പിസ്റ്റള്‍ ഉണ്ടെങ്കില്‍ മാത്രമേ എന്നെ തടയാന്‍ സാധിക്കുകയുള്ളൂ എന്ന് ആരാധകര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മെസിയെ ആര്‍ക്കെങ്കിലും തടയണമെങ്കില്‍ അവര്‍ക്കൊരു മെഷീന്‍ ഗണ്‍ ആവശ്യമാണെന്നാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്,’ സ്റ്റോയ്ക്കോവ് പറഞ്ഞു.

2009-2010 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ വീതമടിച്ച് സമനിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്. എന്നാല്‍ രണ്ടാം പാദത്തില്‍ മെസിയുടെ കരുത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് കറ്റാലന്‍മാര്‍ ഗണ്ണേഴ്‌സിനെ തകര്‍ത്തുവിട്ടത്.

2009-2010 സീസണില്‍ 53 മത്സരങ്ങളില്‍ നിന്നും 47 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസി സ്‌കോര്‍ ചെയ്തത്.

മെസിയെ പ്രശംസിച്ച് മുന്‍ ബ്രസീല്‍ സൂപ്പര്‍ താരവും റയല്‍-മിലാന്‍ ലെജന്‍ഡുമായ റൊണാള്‍ഡോ നസാരിയോയും സംസാരിച്ചിരുന്നു. മെസിയെ കാണുമ്പോള്‍ ബാലണ്‍ ഡി ഓര്‍ നേടുക എന്നത് എളുപ്പമേറിയ കാര്യമാണെന്ന് നമുക്ക് തോന്നിപ്പോകും എന്നാണ് ആര്‍-9 പറഞ്ഞത്.

‘ഫുട്‌ബോളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം വേള്‍ഡ് കപ്പും ബാലണ്‍ ഡി ഓറും ഒരുമിച്ച് സ്വന്തമാക്കുക എന്നുള്ളതാണ്. നിങ്ങള്‍ക്ക് മികച്ച ഫുട്‌ബോള്‍ കളിക്കാം, എന്നാല്‍ ഇത് രണ്ടും സ്വന്തമാക്കുക എന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്. മെസി ഇത് രണ്ടും കരസ്ഥമാക്കി.

മെസിയെ കാണുമ്പോള്‍ ബാലണ്‍ ഡി ഓര്‍ നേടുക എന്നുള്ളത് എളുപ്പമാണെന്ന് നമുക്ക് തോന്നിപ്പോകാം. ഫുട്‌ബോള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. കാരണം ഫുട്‌ബോള്‍ ഒരിക്കലും മെസിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നില്ല. മറിച്ച് ഒരു ഫണ്ണായിരുന്നു.

മെസിയും മറ്റ് താരങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്. മെസി തകര്‍ത്ത റെക്കോര്‍ഡുകളുടെ കാര്യത്തിലും അദ്ദേഹം നേടിയ കിരീടങ്ങളുടെ കാര്യത്തിലും അടുത്ത ജനറേഷന് അത് നേടുന്നത് ബുദ്ധിമുട്ടാകും പ്രത്യേകിച്ച് ബാലണ്‍ ഡി ഓറിന്റെ കാര്യത്തില്‍.

ഭാവിയില്‍ അസാധ്യമായ ഒരു ടാസ്‌ക്കാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെച്ചിട്ടുള്ളത്. മെസി ഉണ്ടാക്കിയ സ്റ്റാറ്റസിന്റെ അരികില്‍ പോലും എത്താന്‍ മറ്റുള്ളവര്‍ക്ക് ഭാവിയില്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല,’ റൊണാള്‍ഡോ നസാരിയോ പറഞ്ഞു.

 

Content Highlight: Barcelona Legend Hristo Stoichkov praises Lionel Messi