Football
ഇപ്പോ ഇങ്ങനെ ആയോ? 'ബാഴ്‌സയെ തളര്‍ത്തിയത് മെസി ആയിരുന്നു' ലെവന്‍ഡോസ്‌കി മുത്താണ്; ട്വിറ്ററില്‍ ബാഴ്‌സ ആരാധകരുടെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 18, 07:01 am
Sunday, 18th September 2022, 12:31 pm

കഴിഞ്ഞ ദിവസം എല്‍ചെക്കെതിരെ ബാഴ്‌സലോണ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 10 പേരായി ചുരുങ്ങിയ എല്‍ചെയെ ലെവന്‍ഡോസ്‌കിയും കൂട്ടരും തരിപ്പണമാക്കുകയായിരുന്നു. മൂന്ന് ഗോളിനായിരുന്നു ബാഴ്‌സ വിജയിച്ചത്.

മത്സരത്തിലുടനീളം ബാഴ്‌സയുടെ മുന്നേറ്റമാണ് കണ്ടത്. ആദ്യ പകുതിയില്‍ തുടങ്ങിയ ആധിപത്യം ബാഴ്‌സ രണ്ടാം പകുതിയിലും തുടരുകയായിരുന്നു. മത്സരം തുടങ്ങി പതിനാലാം മിനിട്ടില്‍ തന്നെ എല്‍ച്ചെ ഡിഫന്‍ഡര്‍ ഗോണ്‍സാലോ വെര്‍ദു ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയിരുന്നു.

ക്ലിയര്‍ ഗോള്‍ സ്‌കോറിങ് പൊസിഷനില്‍ വെച്ച് ലെവയെ ഫൗള്‍ ചെയ്തതിനാണ് അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോകേണ്ടി വന്നത്.

34ാം മിനിട്ടില്‍ ബാല്‍ഡെ നല്‍കിയ അസിസ്റ്റില്‍ ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സക്കായി ആദ്യം ഗോള്‍ നേടിയത്. പിന്നീട് ബാല്‍ഡെയുടെ രണ്ടാം അസിസ്റ്റില്‍ 41ാം മിനിട്ടില്‍ മെംഫിസ് ഡിപെ ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു.

48ാം മിനിട്ടില്‍ ലെവ തന്റെ രണ്ടാം ഗോള്‍ നേടി ബാഴ്‌സയുടെ വിജയം ഉറപ്പിക്കുകായായിരുന്നു. ബയേണ്‍ മ്യൂണിക്കില്‍ ഗോളടിച്ചുകൂട്ടുന്ന ലെവയെ തന്നെയാണ് ബാഴ്‌സയില്‍ കാണാന്‍ സാധിക്കുന്നത്.

മത്സരത്തില്‍ വിജയിച്ചതോടെ ലാലീഗ പോയിന്റ് ടേബിളില്‍ ബാഴ്‌സ ഒന്നാമതെത്തി. നിലവില്‍ ആറ് മത്സരത്തില്‍ അഞ്ചെണ്ണം ബാഴ്‌സ വിജയിച്ചിട്ടുണ്ട്. ഒരു മത്സരം സമനിലയാകുകയായിരുന്നു.

മത്സരത്തിന് ശേഷം ലെവന്‍ഡോസ്‌കിയേയും ബാഴ്‌സയേയും പുകഴ്ത്തി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബാഴ്‌സയെ പിന്നോട്ടടിച്ചിരുന്നത് മെസിയാണെന്നും ലെവ ബോണ്‍ സ്‌ട്രൈക്കറാണെന്നും ആരാധകര്‍ പറയുന്നു.

ബയേണ്‍ ബാഴ്‌സക്കെതിരെ ഭാഗ്യത്തിന് ജയിച്ചതാണെന്നും ബാഴ്‌സയാണ് മികച്ച പ്രകടനമെടുത്തതെന്നും വാദിക്കുന്നവരുണ്ട്.

Content Highlight: Barca Fans praises Lewandoski after game vs Elche