കഴിഞ്ഞ ദിവസം റയല്‍ സോസിഡാഡിനെതിരെ ബാഴ്‌സ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. മികച്ച അറ്റാക്കിങ് ഗെയിം നടത്തിയ ബാഴ്‌സ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വിജയിച്ചത്.
ആദ്യ മത്സരത്തില്‍ റയോ വല്ലെക്കാനോക്കെതിരെ സമനിലയില്‍ പിരിഞ്ഞ ബാഴ്‌സ മികച്ച തിരിച്ചുവരവിനായി ശ്രമിക്കുകയായിരുന്നു. ബാഴ്‌സക്ക് തിരിച്ചുവരാനുള്ള എല്ലാ പ്ലാറ്റ്‌ഫോമുമുള്ള മത്സരമായിരുന്നു ഇത്. ആദ്യ മിനിട്ടില്‍ തന്നെ ടീമിലെ ലെജന്‍ഡറി സൈനിങ്ങായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോള്‍ വല കുലുക്കിയിരുന്നു. ലെവയുടെ ബാഴ്‌സക്കായുള്ള ആദ്യ ഒഫീഷ്യല്‍ ഗോളായിരുന്നു ഇത്.
എന്നാല്‍ അഞ്ച് മിനിട്ടിന് ശേഷം അലാക്‌സാണ്ടര്‍ ഇസാക്കിലൂടെ സോസിഡാഡ് തിരിച്ചടിച്ചു. പിന്നീട് മത്സരത്തിന്റെ 64ാം മിനിട്ട് വരെ സ്‌കോര്‍ ഇങ്ങനെ തുടരുകയായിരുന്നു. അപ്പോഴാണ് ടീമിന്റെ യുവരക്തമായ അന്‍സു ഫാറ്റി ഗ്രൗണ്ടിലെത്തുന്നത്. ഇറങ്ങിയതിന് രണ്ട് മിനിട്ടുകള്‍ക്ക് ശേഷം ഒസ്മാന്‍ ഡെംബലെക്ക് അസിസ്റ്റ് നല്‍കികൊണ്ട് ഫാറ്റി ബാഴ്‌സക്ക് ലീഡ് നേടികൊടുത്തു. ബാക്ക്ഹീല്‍ വഴിയുള്ള കിടിലന്‍ പാസായിരുന്നു അദ്ദേഹം നല്‍കിയത്.
പിന്നീട് ഒരു ഗോളും ഒരു അസിസ്റ്റും കൂടി ഫാറ്റി സ്വന്തം പേരില്‍ കുറിച്ചു. 19 വയസുമാത്രമുള്ള ഈ സ്പാനിഷ് സ്‌ട്രൈക്കര്‍ ബാഴ്‌സയുടെ സൂപ്പര്‍താരമാകാനുള്ള പുറപ്പാടിലാണ്.
മൂന്ന് വര്‍ഷം മുമ്പ് ടീമിലെത്തിയതായിരുന്നുവെങ്കിലും പരിക്കുകള്‍ എന്നും അദ്ദേഹത്തിന് വിനയാകുകയായിരുന്നു. എന്നാല്‍ ഇത്തവണ രണ്ടും കല്‍പിച്ചാണ് അദ്ദേഹം ഇറങ്ങുന്നത്.
ഫാറ്റിയുടെ ഈ പ്രകടനത്തില്‍ ആരാധകര്‍ ഒരുപാട് സന്തുഷ്ടരാണ്. ഫാറ്റിയുടെ പ്രകടനത്തെ പുകഴ്ത്തിയും മറ്റു താരങ്ങളെ ഇകഴ്ത്തിയുമാണ് ബാഴ്‌സ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. മെസിയെ പോലെ സ്വാധീനമുള്ള താരമാണ് ഫാറ്റിയെന്നും വിനീഷ്യസ് ജൂനിയറിനെക്കാള്‍ ഭേദം ഫാറ്റിയാണെന്നും വാദിക്കുന്ന ഒരുപാട് ആരാധകരെ ട്വിറ്ററില്‍ കാണാം.
ഇപ്പോള്‍ തന്നെ അദ്ദേഹം റൊണാള്‍ഡോയെക്കാള്‍ ഭേദമാണെന്നും ആരാധകര്‍ പറയുന്നു. ‘പെനാല്‍ഡോ’ എന്ന് കളിയാക്കിയായിരുന്നു റോണോയെ ബാഴ്‌സ ആരാധകര്‍ അഭിസംബോധന ചെയ്തത്.