ഹിന്ദു രാഷ്ട്രം ആവശ്യപ്പെട്ട് ബാനറുകള്‍; നൂറിലേറെ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
national news
ഹിന്ദു രാഷ്ട്രം ആവശ്യപ്പെട്ട് ബാനറുകള്‍; നൂറിലേറെ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 12:20 pm

പട്‌ന: ഹിന്ദു രാഷ്ട്ര പതാകകളും ബാനറുകളും സ്ഥാപിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നൂറിലേറെ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബിഹാറിലാണ് സംഭവം. ഹിന്ദു രാഷ്ട്രത്തിന്റെ ബാനറുകള്‍ സ്ഥാപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിഹാറിലെ മൗലഗഞ്ച് പ്രദേശത്തെ ക്ഷേത്രത്തിന് മുമ്പിലാണ് ഹിന്ദു രാഷ്ട്ര എന്നെഴുതിയ ബാനറുകള്‍ ഉയര്‍ന്നത്. ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിലും കാവി പതാകകളും ഉയര്‍ന്നിട്ടുണ്ട്.

പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹിന്ദുരാഷ്ട്രയെന്നെഴുതിയ നിരവധി ബാനറുകളും പോസ്റ്ററുകളും പൊലീസ് കണ്ടെടുത്തിരുന്നു.

പ്രദേശത്തെ ക്രമസമാധാനം നശിപ്പിക്കാന്‍ ചില സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നുണ്ടെന്നും സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയും മറ്റ് നൂറ് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ബദാരി കര്‍വാന്‍ ദേശീയ പ്രസിഡന്റ് നസ്രെ അലം ദര്‍ഭംഗ ജില്ലാ മജിസ്‌ട്രേറ്റിന് കത്തയിച്ചിട്ടുണ്ട്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഹിന്ദു രാഷ്ട്രം ആവശ്യപ്പെടുന്നത് ക്രമിനല്‍ കുറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Banners demanding Hindu Rashtra; Police registered a case against more than 100 people