എ.ടി.എം സേവന നിരക്കുകള്‍ ഉയര്‍ത്താന്‍ നീക്കം; നോട്ട് നിരോധനം എ.ടിഎം പ്രവര്‍ത്തനം കുറച്ചെന്ന് ആക്ഷേപം
Reserve Bank of India
എ.ടി.എം സേവന നിരക്കുകള്‍ ഉയര്‍ത്താന്‍ നീക്കം; നോട്ട് നിരോധനം എ.ടിഎം പ്രവര്‍ത്തനം കുറച്ചെന്ന് ആക്ഷേപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st January 2018, 12:32 pm

മുംബൈ: ഇന്‍ര്‍നെറ്റ് ബാങ്കിംഗ് വര്‍ധിച്ചത് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചുവെന്ന് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് എ.ടി.എം പരിപാലനത്തിനായി സേവനനിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ബാങ്കുകള്‍.

എ.ടി.എം സേവന നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കി. നോട്ട് അസാധുവാക്കലിനുശേഷം എ.ടിഎം വഴിയുള്ള ഇടപാടുകള്‍ കുറഞ്ഞെന്നാണ് കണ്ടെത്തല്‍. ഇതാണ് എ.ടി.എമ്മുകളുടെ പരിപാലനചെലവ് കൂട്ടിയതെന്നാണ് ബാങ്കുകള്‍ പറയുന്നത്.

പൊതുമേഖലയിലേയും, സ്വകാര്യമേഖലയിലേയും വിവിധ ബാങ്കുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചത്. സ്വകാര്യ മേഖല ബാങ്കുകളാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ചത്.

നോട്ട് നിരോധനത്തിന്റെ ഭാഗമായി പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിന് ഭീമമായ തുക ചിലവായി. പുതിയ നോട്ടുകള്‍ നിറയ്ക്കുന്നതിനു മാത്രമായി ഏകദേശം 3000 ലധികം രൂപയാണ് ചെലവായതെന്നാണ് ബാങ്കുകള്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.