Kerala News
എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 16, 10:45 am
Saturday, 16th July 2022, 4:15 pm

ന്യൂദല്‍ഹി: എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയുടെ ദല്‍ഹി ഓഫീസിന്റെ കനറാ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്.

പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകക്കേസിലെ പ്രതിക്ക് പണം കൈമാറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി.

ശ്രീനിവാസന്‍ വധക്കേസിലെ പ്രതിക്ക് ഈ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കേസിലെ പതിമൂന്നാം പ്രതിയായ അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്.

ശ്രീനിവാസന്റെ മരണത്തിന് മുമ്പും ശേഷവും അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിരുന്നു.

ശ്രീനിവാസന്‍ വധക്കേസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് നടപടി സ്വീകരിച്ചത്.

ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്നു കൊല്ലപ്പെട്ട ശ്രീനിവാസന്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് പാലക്കാട് മേലാമുറിയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു ഇയാള്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്.

അതിന് തലേദിവസം പാലക്കാട് എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ നേതാവുമായ സുബൈര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

Content Highlight: Bank account of SDPI Central committee froze