'രാജ്യത്തെ ബാധിക്കുന്നതെങ്കില്‍ രാഹുലും കോണ്‍ഗ്രസും ഇനിയും ചോദ്യങ്ങള്‍ ചോദിക്കും'; ശരദ് പവാറിന് മറുപടിയുമായി ബലാസാഹേബ് തൊറാട്ട്
national news
'രാജ്യത്തെ ബാധിക്കുന്നതെങ്കില്‍ രാഹുലും കോണ്‍ഗ്രസും ഇനിയും ചോദ്യങ്ങള്‍ ചോദിക്കും'; ശരദ് പവാറിന് മറുപടിയുമായി ബലാസാഹേബ് തൊറാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 10:01 am

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച എന്‍.സി.പി നേതാവ് ശരദ് പവാറിന് മറുപടിയുമായി മഹാരാഷ്ട കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ബാലാസാഹേബ് തൊറാട്ട്.

ചൈനയുമായുള്ള പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പമാണെന്നും എന്നാല്‍ അതിനര്‍ത്ഥം സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കരുതെന്നല്ല എന്നും തൊറാട്ട് പറഞ്ഞു.

‘അതിര്‍ത്തിയിലെ സുരക്ഷയെ സംബന്ധിച്ച് രാഹുല്‍ഗാന്ധി ചോദ്യങ്ങള്‍ ചോദിച്ചത് രാഷ്ട്രീയമല്ല, അത് ഉത്തരവാദിത്തമാണ്. 1962ല്‍ നടന്നതുമായി നിലവിലെ സാഹചര്യത്തെ വിലയിരുത്താന്‍ നമുക്ക് ഇപ്പോഴാവില്ല. 45 വര്‍ഷത്തിനിടയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരു സൈനികന്റെ ജീവന്‍ പോലും പൊലിഞ്ഞിരുന്നില്ല. ചൈനയുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയില്‍ നമ്മുടെ 20 പട്ടാളക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്,’ തൊറാട്ട് പറഞ്ഞു.

ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് ഇതുവരെ ആരും കടന്നുകയറിയിട്ടില്ലെന്ന് മോദി പറയുമ്പോള്‍ മരിച്ചു വീണ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് നുഴഞ്ഞുകയറിയവരായി മാറുന്നു. ഈ വാദം കോണ്‍ഗ്രസിനെ പോലെ ശരദ് പവാറിനെയും സങ്കടപ്പെടുത്തേണ്ടതാണെന്നും തൊറാട്ട് പറഞ്ഞു.

രാഹുല്‍ ചോദ്യങ്ങള്‍ ചോദിച്ചത് രാജ്യത്തെ ജനങ്ങളുടെ ആശങ്ക കൂടി കണക്കിലെടുത്താണെന്നും തൊറാട്ട് പറഞ്ഞു.

‘രാജ്യത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധി തന്റെ ആശങ്ക പങ്കുവെച്ചത്. പ്രധാനമന്ത്രി ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ ചൈനയുടെ കടന്നുകയറ്റത്തെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ലല്ലോ. ഇത് മൗനം പാലിക്കാനുള്ള സമയമല്ല. കോണ്‍ഗ്രസ് നല്‍കുന്ന നിര്‍ദേശങ്ങളെ ബി.ജെ.പി രാഷ്ട്രീയമായി കാണേണ്ടതില്ല. ഇത് രാജ്യത്തെ ബാധിക്കുന്നതാണെങ്കില്‍ രാഹുലും കോണ്‍ഗ്രസും ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരും,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് എന്‍.സി.പി പ്രസിഡന്റ് ശരദ് പവാര്‍ ശനിയാഴ്ച പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചോദിക്കലുകളോട് പ്രതികരിച്ചുകൊണ്ടായിരുന്നു ശരദ് പവാറിന്റെ പ്രസ്താവന.

1962ല്‍ ചൈന ഇന്ത്യയുടെ അതിര്‍ത്തിയിലെ 45,000 സ്‌ക്വയര്‍ ഫീറ്റ് പിടിച്ചെടുത്തത് നമ്മള്‍ മറക്കരുത്. ഇപ്പോള്‍ ചൈന അതിര്‍ത്തി പിടിച്ചെടുത്തിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷെ സുരക്ഷാ കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കരുത് എന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

എന്നാല്‍ ശരദ് പവാറിന് മറുപടിയെന്നോണം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടിക്ക് ശേഷം ട്വീറ്റ് ചെയ്തിരുന്നു. രാജ്യസുരക്ഷയെപ്പറ്റി ഇനി എപ്പോഴാണ് സംസാരിക്കാന്‍ പോകുന്നതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ