സൂര്യയുടെ കരിയറില്‍ ഏറ്റവം വലിയ സ്വാധീനമുണ്ടാക്കിയ സംവിധായകനാണ് ബാല. അഭിനയത്തിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സൂര്യ അതിനെല്ലാം മറുപടി നല്‍കിയത് നന്ദയിലൂടെയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സൂര്യയെ തേടിയെത്തിയിരുന്നു. ബാലയുടെ പിതാമകനിലും സൂര്യക്ക് മികച്ച വേഷമായിരുന്നു.
സൂര്യയുമായുള്ള പഴയകാല ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബാല. നന്ദയുടെ നിര്‍മാതാക്കളിലൊരാളായ വെങ്കി നാരായണനെ താന്‍ ഒരിക്കലും മറക്കില്ലെന്നും അയാള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും ബാല പറഞ്ഞു. കുടുംബത്തില്‍ ഉണ്ടായ ഒരു പ്രശ്‌നം കാരണം അയാള്‍ക്ക് മാനസികമായ ചില പ്രശ്‌നങ്ങള്‍ വന്നെന്നും അമേരിക്കയിലേക്ക് ചികിത്സക്കായി പോയെന്നും ബാല കൂട്ടിച്ചേര്‍ത്തു.
അയാളുടെ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നും അതിന് ശേഷം അയാള്‍ ചെന്നൈയില്‍ വന്ന് താമസമാക്കിയെന്നും ബാല പറഞ്ഞു. ഓരോ തവണ സംസാരിക്കുമ്പോഴും ഒന്ന് മുതല്‍ അഞ്ച് വരെ എണ്ണിയ ശേഷമാണ് സംസാരം തുടങ്ങാറുള്ളതെന്നും ബാല കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം അയാള്‍ തന്നെ വിളിച്ച് സൂര്യയുമായി ഒരു അപ്പോയിന്റ്‌മെന്റ് ശരിയാക്കുമോ എന്ന് ചോദിച്ചെന്നും താന്‍ അത് ശരിയാക്കാമെന്ന് അറിയിച്ചെന്നും ബാല പറഞ്ഞു.
വെങ്കിയെപ്പറ്റി താന്‍ സൂര്യയോട് സംസാരിച്ചെന്നും അടുത്ത ദിവസം സൂര്യ അയാളെ കാണാന്‍ വേണ്ടി പോയെന്നും ബാല കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തിന് ശേഷം ഒരുദിവസം പുലര്‍ച്ചെ സൂര്യ തന്നെ വിളിച്ച് വെങ്കിയുടെ മരണവാര്‍ത്ത അറിയിച്ചെന്നും താന്‍ അത് കേട്ട് തകര്‍ന്നുപോയെന്നും ബാല പറഞ്ഞു. രാവിലെ സൂര്യ തന്നെ വിളിച്ച് വെങ്കിയെ അടയാറില്‍ കൊണ്ടുവന്നെന്നും ഒരു ഘട്ടത്തിലും ബോഡി എന്നോ, മൃതദേഹം എന്നോ സൂര്യ പറഞ്ഞില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.
വെങ്കിയോട് സൂര്യക്ക് അത്രമാത്രം മാനസിക അടുപ്പമുണ്ടായിരുന്നെന്നും താന്‍ ഇക്കാര്യം ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ബാല പറഞ്ഞു. തന്റെ പുതിയ ചിത്രമായ വണങ്കാന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ബാല.
‘സൂര്യയെപ്പറ്റി ഒരു കാര്യം ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതുവരെ ഒരിടത്തും ഞാനിത് പറഞ്ഞിട്ടില്ല. നന്ദ എന്ന സിനിമയുടെ സമയത്ത് നടന്ന കാര്യമാണത്. ആ സിനിമക്ക് നാല് നിര്‍മാതാക്കളായിരുന്നു. നാല് പേരും അമേരിക്കയില്‍ നിന്നുള്ളവരായിരുന്നു. അതില്‍ ഒരാളെ ഞാന്‍ മറക്കില്ല. വെങ്കി എന്നായിരുന്നു അയാളുടെ പേര്. അയാളുടെ കുടുംബത്തിലുണ്ടായ ഒരു സംഭവത്തിന് ശേഷം അദ്ദേഹത്തിന് മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി.
ചികിത്സക്കായി അമേരിക്കയില്‍ കൊണ്ടുപോയെങ്കിലും ഭേദമായില്ല. പിന്നീട് ചെന്നൈയില്‍ ഒരു വീട് വാങ്ങി അവിടെ താമസമാക്കി. അയാള്‍ എപ്പോള്‍ സംസാരിക്കുകയാണെങ്കിലും ഒന്നുമുതല്‍ അഞ്ച് വരെ എണ്ണിയിട്ടേ തുടങ്ങുള്ളൂ. ഒരുദിവസം എന്നോട് ‘സൂര്യയുടെ അടുത്ത് ഒരു അപ്പോയിന്റ്‌മെന്റ് വാങ്ങിത്തരുമോ’ എന്ന് ചോദിച്ചു. ഞാന്‍ സൂര്യയെ വിളിച്ച് വെങ്കിയുടെ കാര്യം പറഞ്ഞു. സൂര്യ അയാളെ കാണാമെന്ന് സമ്മതിച്ചു.
പിറ്റേദിവസം സൂര്യ വെങ്കിയുടെ വീട്ടിലേക്ക് പോയി അയാളെ കണ്ടു. ഞങ്ങള്‍ രണ്ടുപേരുടെയും ഏറ്റവുമടുത്ത സുഹൃത്തായി വെങ്കി മാറി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം അര്‍ധരാത്രി എനിക്ക് ഒരു കോള്‍ വന്നു. സൂര്യയായിരുന്നു അത്. ‘വെങ്കി പോയി’ എന്ന് മാത്രമേ പറഞ്ഞുള്ളൂ. ഞാന്‍ തകര്‍ന്നുപോയി. രാവിലെ വെങ്കിയുടെ വീട്ടിലേക്ക് പോകാമെന്ന് വിചാരിച്ച് ഇരുന്നപ്പോള്‍ വീണ്ടും സൂര്യയുടെ വിളി വന്നു.
‘വെങ്കിയെ ഇവിടെ കൊണ്ടുവന്നു’ എന്ന് പറഞ്ഞു. അവന്‍ ഒരുഘട്ടത്തിലും ബോഡി എന്നോ, മൃതദേഹമെന്നോ പറഞ്ഞിട്ടില്ല. വെങ്കിയോട് സൂര്യക്ക് അത്രമാത്രം മാനസിക അടുപ്പമുണ്ടായിരുന്നു. അന്നത്തെ സൂര്യയുടെ അവസ്ഥ എനിക്ക് ഇപ്പോഴും നല്ല ഓര്‍മയുണ്ട്,’ ബാല പറയുന്നു.
Content Highlight: Bala shares old memories with Suriya