ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബജ്രംഗിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്രംഗിന്റെ നേട്ടം. വനിതകളുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ പൂജ ധന്‍ധെ വെള്ളി നേടി.
വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെ പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. നേരത്തെ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണ്ണം ലഭിച്ചിരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ തേജസ്വിനി സാവന്തുമാണ് സ്വര്‍ണം നേടിയത്.
50 മീറ്റര്‍ റൈഫിളില്‍ വെള്ളിമെഡലും ഇന്ത്യയ്ക്ക് തന്നെയാണ്. അന്‍ജും മൗദ്ഗില്‍ ആണ് വെള്ളിമെഡല്‍ നേടിയത്. രണ്ട് മലയാളി താരങ്ങളെ ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കിയ ദിനം തന്നെയാണ് രാജ്യത്തിനു ആശ്വാസമായി മൂന്നു സ്വര്‍ണ്ണങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സംഘത്തിലെ മലയാളിതാരങ്ങളായ കെ.ടി ഇര്‍ഫാനെയും രാഗേഷ് ബാബുവിനെയുമാണ് ഗെയിംസ് അതോറിറ്റി മടക്കി അയച്ചിരിക്കുന്നത്.
ട്രിപ്പിള്‍ ജംപ് ഫൈനലിലേക്ക് യോഗ്യത നേടിയ താരമാണ് രാഗേഷ് ബാബു. ദീര്‍ഘദൂര നടത്തത്തിലാണ് കെ.ടി ഇര്‍ഫാന്‍ മത്സരിക്കാനിരുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അതോറിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആജീവാനന്ത വിലക്കേര്‍പ്പെടുത്താന്‍ ഗെയിംസ് അതോറിറ്റി ഉത്തരവിടുകയായിരുന്നു.