തെലങ്കാനയില്‍ സ്‌കൂളില്‍ നിസ്‌കരിച്ച പെണ്‍കുട്ടികളെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
national news
തെലങ്കാനയില്‍ സ്‌കൂളില്‍ നിസ്‌കരിച്ച പെണ്‍കുട്ടികളെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2024, 9:43 am

ഹൈദരാബാദ്: തെലങ്കാനയിലെ വനപാര്‍ത്ഥിയിലെ ചാണക്യ ഹൈസ്‌കൂളില്‍ നിസ്‌കാരം നിര്‍വ്വഹിച്ച മുസ്‌ലിം പെണ്‍കുട്ടികളെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സ്‌കൂളില്‍ അനുവാദമില്ലാതെ പ്രവേശിച്ച പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ കോമ്പൗണ്ടില്‍ അനധികൃതമായി പ്രവേശിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നിസ്‌കരിക്കുന്ന പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നതും അസഭ്യം പറയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അക്രമികള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടികളും സ്‌കൂള്‍ അധികൃതരും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട്. സംഭവത്തിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയതായാണ്  വിവരം.

എന്നാല്‍ സംഭവത്തിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും പൊലീസ് ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആക്രമണത്തില്‍ പങ്കാളികളായവര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

സ്‌കൂളില്‍ നിസ്‌കരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി ലഭിച്ചിരുന്നെന്നും അതിനാല്‍ ഇതുപ്രകാരം നിസ്‌കരിച്ച പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മജ്‌ലിസെ ബച്ചവോ തഹ്‌രീക്(എം.ബി.ടി) വക്താവ് അംജദുല്ലാഹ് ഖാന്‍ രംഗത്തെത്തി.

‘വനപാര്‍ത്ഥിയിലെ ചാണക്യ ഹൈസ്‌കൂളിലെ അതിക്രമിച്ച് കയറിയ ബജ്‌രംഗ്ദളിലെ ചില സാമൂഹിക വിരുദ്ധര്‍, സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെ പ്രാര്‍ത്ഥന നടത്തുകയായിരുന്ന മുസ്‌ലിം പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകുണ്ടായി.

എന്നാല്‍ ഈ സംഭവം നടന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഈ കേസില്‍ ആരേയും അറസ്റ്റ് ചെയ്യുകയോ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ കേവലം മുസ്‌ലിം വികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും ഭയം കൂടി സൃഷ്ടിക്കുന്നതിനാല്‍ കേസില്‍ സമഗ്രമായി അന്വേഷണം നടത്തി സംഭവത്തില്‍ പ്രതികളായ എല്ലാ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെയും ഉടന്‍ അറസ്റ്റ് ചെയ്യണം,’ അംജദുല്ലാഹ് ഖാന്‍ എക്‌സില്‍ കുറിച്ചു.

പോസ്‌ററില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തെലങ്കാന പൊലീസ്, ജില്ലാ കലക്ടര്‍, തെലങ്കാന ഡി.ജി.പി എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മജ്‌ലിസെ ബച്ചവോ തഹ്‌രീക് അംഗങ്ങള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കത്ത് അയച്ചിട്ടുണ്ട്.

Content Highlight: Bajrang Dal Members Attack Muslim Girls in Telangana performing Namaz at school