ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങളെ കുടുക്കാന്‍ ഗോഹത്യ; ബജ്‌രംഗ് ദള്‍ നേതാക്കൾ അറസ്റ്റില്‍
national news
ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങളെ കുടുക്കാന്‍ ഗോഹത്യ; ബജ്‌രംഗ് ദള്‍ നേതാക്കൾ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 8:57 am

മുറാദാബാദ്: ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങളെ കുടുക്കാനും ഛിജ്‌ലെത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനും ഗോഹത്യ നടത്തിയ ബജ്‌രംഗ് ദള്‍ നേതാക്കള്‍ അറസ്റ്റില്‍. പശുവിനെ കശാപ്പ് ചെയ്ത ശഹാബുദീനെയും പദ്ധതി ആസൂത്രണം ചെയ്ത ബജ്‌രംഗ് ദള്‍ നേതാക്കളായ സുമിത് ബിഷ്‌ണോയ്, രാമന്‍ ചൗധരി, രാജീവ് ചൗധരി എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുസ്‌ലിങ്ങള്‍ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്‌രംഗ് ദളിന്റെ നീക്കം. മഖ്സൂദ് എന്ന വ്യക്തായിയോട് പകപോക്കന്‍ ആയിരുന്നു ശഹാബുദീന്‍ ബജ്‌രംഗ് നേതാക്കളുമായി സഹകരിച്ചത്.

സംഭവത്തില്‍ പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതിനാല്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ മറ്റൊരു ഇടത്തേക്ക് പ്രതികള്‍ മാറ്റുകയായിരുന്നു. എന്നാല്‍ മഖ്സൂദ് എന്നയാളുടെ ഫോട്ടോയടങ്ങുന്ന പേഴ്സ് ഈയിടത്തായി ഉപേക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ മഖ്സൂദ് ശഹാബുദീന്റെ പേര് വെളിപ്പെടുത്തുകയും പൊലീസ് ഗൂഡലോചന കണ്ടെത്തുകയും ചെയ്തു.

നിലവില്‍ ശഹാബുദീന് സഹായം ചെയ്തു നല്‍കിയ നഈം അടക്കമുള്ള നേതാക്കളെ പൊലീസ് തിരയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മഖ്സൂദ് എന്ന വ്യക്തിയോട് പകപോക്കുക എന്നതാണ് ശഹാബുദീന്റെ ലക്ഷ്യമെന്ന് ജില്ലാ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഹേമരാജ് മീണ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗോഹത്യക്കുള്ള പശുവിനെ കണ്ടെത്തുന്നതിനായി സുമിത് ബിഷ്‌ണോയ് ഒന്നാം പ്രതിയായായ ശഹാബുദീന് 2000 രൂപ നല്‍കിയിട്ടുണ്ടെന്നും ഹേമരാജ് മീണ പറഞ്ഞു.

ജനുവരി 16ന് പശുവിന്റെ തല ഉത്തര്‍പ്രദേശിലെ കാന്‍വാര്‍ റോഡില്‍ ഒന്നിലധികം തവണ ഇടിച്ചുകൊണ്ടാണ് ഗോഹത്യ നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Content Highlight: Bajrang Dal leaders arrested for cow slaughter to trap Muslims in UP