കേരളം ആഘോഷിച്ച ദളിത് തീവ്രവാദത്തിന് എന്ത് സംഭവിച്ചു? അന്വേഷണം
Daily News
കേരളം ആഘോഷിച്ച ദളിത് തീവ്രവാദത്തിന് എന്ത് സംഭവിച്ചു? അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd June 2012, 4:17 pm

 

ബൈജു ജോണ്‍

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കേരളം ഏറെ ആഘോഷിച്ച സംഭവമാണ് വര്‍ക്കലയിലെ കൊലപാതകവും ദളിത് തീവ്രവാദമെന്ന വാക്കും. തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും എന്നും നൂറ് നാവാണ്. എതിര്‍ ശബ്ദങ്ങളെ തീവ്രവാദമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതാണ് രീതി. ആടിനെ പട്ടിയാക്കുക പിന്നീട് തല്ലിക്കൊല്ലുക. തീവ്രവാദത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ ഭീകരവാദികള്‍ രക്ഷപ്പെടുന്നു.

2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ ശിവപ്രസാദെന്ന നിരപരാധിയെ ഒരുപറ്റം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ദലിത് വേട്ടയക്ക് തുടക്കം കുറിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ പോലീസിന്റെ കാര്‍മ്മികത്വത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് ചൂട്ടുപിടിച്ചു. പൊടിപ്പും തൊങ്ങലും വച്ച് ദലിതരോടുള്ള അറപ്പും വെറുപ്പും വാര്‍ത്തകളിലൂടെ പുറത്തുവന്നു.[]

രണ്ടുവര്‍ഷത്തിനിപ്പുറം കൊലപാതകത്തെക്കുറിച്ചും ദളിത് തീവ്രവാദത്തെക്കുറിച്ചും അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് വ്യക്തമാകുന്നത്. ഇടതു സഖാക്കളും ശിവസേനയും മാധ്യമപ്രവര്‍ത്തകരും പോലീസും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഇരകളായിരുന്നു ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന. വര്‍ക്കല കൊലപാതകത്തെ തുടര്‍ന്ന് കേരളത്തില്‍ നടന്ന ദളിത് വേട്ടയുടെ ഭീകര മുഖം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്ന ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ബൈജു ജോണ്‍ എഴുതുന്നു…

ദലിത് തീവ്രവാദത്തിന്റ അനന്ത സാധ്യതകള്‍ കണ്ടുപിടിച്ചത്  കഴിഞ്ഞ സര്‍ക്കാരായിരുന്നു. എന്നും പാര്‍ട്ടിക്കൊപ്പം കൊടിപിടിക്കാനും അടിക്കാനും അടികൊള്ളാനും നടന്ന ദലിതരെ തീവ്രവാദികളാക്കി വേട്ടയാടുക. 2009 സെപ്തംബര്‍ 23-നായിരുന്നു ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ദലിത് വേട്ടയക്ക് തുടക്കം കുറിച്ചത്.വര്‍ക്കലയില്‍ ശിവപ്രസാദെന്ന നിരപരാധിയെ ഒരു പറ്റം ഗുണ്ടകള്‍ വെട്ടികൊന്നത് ദലിത് തീവ്രവാദത്തിന്റെ സൃഷ്ടിയെന്നായിരുന്നു കേരളത്തിലെ മാധ്യമങ്ങളുടെ കണ്ടെത്തല്‍. പൊടിപ്പും തൊങ്ങലും വച്ച് ദലിതരോടുള്ള അറപ്പും വെറുപ്പുമവര്‍ വാര്‍ത്തകളില്‍ കുത്തി നിറച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായി ദലിത് സംഘടനയെ ചിത്രീകരിച്ചു.

എന്താണ് വര്‍ക്കലയില്‍ നടന്നെതെന്ന് രണ്ടുവര്‍ഷത്തിനു ശേഷം അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറംലോകമറിയുന്നത്. ഇടതു സഖാക്കളും ശിവസേനും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഇരകളായിരുന്നു ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന. ദലിത് തീവ്രവാദത്തിനൊപ്പം എരിവും പുളിയും പകരാന്‍ കേരളത്തിലെ മുസ്ലിം സംഘടനകളെയും ഒപ്പം ചേര്‍ത്തു. തീവ്രവാദത്തിന് ശക്തികുട്ടാന്‍ മുസ്ലീം സംഘടനകളുടെ പേരും ഗുണം ചെയ്യുമെന്ന് കോടിയേരിയേക്കാളേറെ ആര്‍ക്കാണ് അറിയുക.

എന്തായിരുന്നു വര്‍ക്കലയില്‍ സംഭവിച്ചത്?

വര്‍ക്കലയില്‍ സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ദാസ് കെ വര്‍ക്കലയുടെ നേതൃത്വത്തിലാണ് 2005ല്‍ വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എം രൂപികരിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ തെക്കല്‍ ജില്ലകളില്‍ ദലിത് കോളനികളില്‍ സ്വീകര്യമായ സംഘടനയായി ഡി.എച്ച്.ആര്‍.എം വളര്‍ന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചരണങ്ങളാണ് സംഘടനയെ ദലിത് കോളനികളില്‍ ശക്തിപ്പെടുത്തിയത്. നുറ് കണക്കിന് കടുംബങ്ങളെ ലഹരി വിമുക്തമാക്കിമാറ്റി സ്ത്രികളുടെ സ്വീകാര്യത നേടി. സ്ത്രികളും കുട്ടികളുമുള്‍പ്പെടെ ഇന്നലെവരെ ഉണ്ടായിരുന്ന മത ജാതി ചിന്തകളെ ഇല്ലാതാക്കി ബുദ്ധിസ്റ്റ് ആശയങ്ങളെ പിന്തുടര്‍ന്നു. വര്‍ക്കലയിലും കൊല്ലം ജില്ലയിലുമായി പതിനായിരത്തോളം പേര്‍ ബുദ്ധമതം സ്വീകരിച്ചു.

സി.പി.ഐ.എമ്മിന്റെ കോട്ടകള്‍ പലതും ഡി.എച്ച്.ആര്‍.എമ്മിന്റേതായി. പഴയപോലെ കൊടി പിടിക്കാനും ജാഥയ്ക്കും ദളിതര്‍ പോകാതായി. അമ്പലങ്ങളും ക്ഷേത്രങ്ങളും ദലിത്‌കോളനികള്‍ കുട്ടത്തോടെ ബഹിഷ്‌ക്കരിച്ചു. ശിവസേനയുടെയും ആര്‍.എസ്.എസിന്റെയും ക്യാമ്പുകളില്‍ നിന്ന് ദലിത് മാറിനിന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി കാര്യങ്ങള്‍ തിരക്കാനും മുഖത്ത് നോക്കി സംസാരിക്കാനും സ്ത്രീകള്‍ തയ്യാറായി. വര്‍ക്കലയിലെ ദലിത് കോളനികളില്‍ നിന്ന് ലഹരി മാഫിയയെ ആട്ടിപ്പായിച്ചു. ഇതാണ് നാലു വര്‍ഷം കൊണ്ട് സംഘപരിവാരത്തിന്റേയും ഇടതുപാര്‍ട്ടികളുടേയും ശത്രുക്കളായി ഡി.എച്ച്.ആര്‍.എമ്മിനെ മാറ്റിയത്. ദലിത് കോളനികളില്‍ വായനാ ശാലകള്‍ തുടങ്ങി. രാത്രിയില്‍ പഠന ക്ലാസുകള്‍ നടത്തി. പക്ഷെ വായനാശാല ബോംബ് നിര്‍മാണ കേന്ദ്രവും പഠനക്ലാസ് ആയുധ പരിശീലന കേന്ദ്രവുമായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു.

ജനകീയ മുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ച. 2007-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ത്ഥി 5000-ത്തോളം വോട്ട് നേടി. കോളനികളിലെ പ്രാദേശികമായ ഹൈന്ദവ ആഘോഷങ്ങള്‍ ഇല്ലാതായി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്  ഇടതു പാര്‍ട്ടികളെയും ഹിന്ദുമതം വിട്ട് ബുദ്ധാശയങ്ങള്‍ പിന്തുടര്‍ന്നത് സംഘപരിവാര സംഘടനകളെയും പ്രകോപിപ്പിച്ചു.

2008 ഡിസംബറില്‍ സംഭവിച്ചത്

വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഒരു വീട്ടില്‍ രാത്രി സമയത്ത് വീട്ടമ്മ അക്രമിക്കപ്പെട്ടു. അടുത്ത ദിവസം മാധ്യമങ്ങളില്‍ ദലിത് സംഘടനയെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏതാനും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ വര്‍ക്കല സി.ഐ. പിടികൂടി. പിന്നാലെ പല പ്രവര്‍ത്തകരേയും കള്ളകേസില്‍ കുടുക്കി. വീട്ടമ്മയെ വെട്ടിയത് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരല്ലെന്ന് പോലീസിനോട് പറഞ്ഞിട്ടും കേസുമായി പോലീസ് മുന്നോട്ടു പോയി. ഇതിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തെണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചു. വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മ പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ നാട്ടുകാര്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ പിടികുടി. വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞു. സംഭവം വിവാദമായതോടെ സി.ഐ.യെ അന്ന് സ്ഥലം മാറ്റി. അന്ന് വെട്ടാന്‍ ആളെ ഏല്‍പ്പിച്ചത് വര്‍ക്കലയിലെ സി.പി.ഐ.എം കൗണ്‍സിലറായിരുന്നു. പ്രതി സി.പി.ഐ.എം പ്രവര്‍ത്തകനും.

ഇനി 2009-ല്‍ സംഭവിച്ചത്

സെപ്തംബര്‍ മാസത്തില്‍ വര്‍ക്കലയിലെ ഗുരുമന്ദിരങ്ങള്‍ വ്യാപകായി തകര്‍ക്കപ്പെട്ടു. ദലിത് കോളിനികളിള്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി. ആ ദിവസങ്ങില്‍ പ്രാദേശിക പേജുകളില്‍ സ്ഥിരം വാര്‍ത്ത വര്‍ക്കലയിലെ സംഘര്‍ഷങ്ങളായിരുന്നു. എല്ലാ പത്രത്തിലും ഒരു പോലെ സംഘര്‍ഷ വാര്‍ത്തകള്‍ നിറഞ്ഞു. 2009 സെപ്തംബര്‍ 220-ാം തിയതി ശിവസേനയും ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും സംയുക്തമായി വര്‍ക്കലയില്‍ അക്രമം നടത്തുന്നത് ഡി.എച്ച്.ആര്‍.എമ്മാണെന്ന് ആരോപിച്ച്  ദലിത് സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ടു. വര്‍ക്കലയില്‍ പൊതുയോഗവും പ്രകടനവും നടത്തി. പ്രകടനത്തിലും പൊതുയോഗത്തിലും ഡി.എച്ച്.ആര്‍.എം ഭീകര സംഘടനയാണെന്നും അവരെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. (ജന്മഭൂമി 2009 സെപ്തം 23)

2009 സെപ്തംബര്‍ 23-ന് രാവിലെ അതായത് സംഘപരിവാര സംഘടനകളുടെ പ്രതിഷേധം കഴിഞ്ഞ അടുത്ത പുലര്‍ച്ചെ വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെടുന്നു. കൊലപാതകം പോലീസ് രേഖപെടുത്തുന്നത് രാവിലെ 5.30 ന്. രാവിലെ പത്ത് മണിക്ക് വര്‍ക്കലയിലെ ഒരു കോളനിയിലെ ഡി.എച്ച്.ആര്‍.എം ക്യമ്പിലായിരുന്ന സംസ്ഥാന സെക്രട്ടറി ദാസ് കെ വര്‍ക്കലയെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് വിളിക്കുന്നു. എവിടെയുണ്ടെന്നും വെറുതേ വിളിച്ചതാണെന്നും പറഞ്ഞു. അരമണിക്കുറിനുള്ളില്‍ വര്‍ക്കല സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ പത്ത് മണിക്ക് ദാസ് കെ വര്‍ക്കലയെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോകുന്നു. ഇപ്പോള്‍ തന്നെ വരാമെന്ന് സൗഹൃദ സംഭാഷണം നടത്തി കൊണ്ടുപോകുന്നു. അപ്പോഴേക്കും വര്‍ക്കലയിലെ കൊലപാതകവും സംഭവ വികാസങ്ങളും കോളനിയിലുണ്ടായിരുന്ന പ്രവര്‍ത്തര്‍ അറിഞ്ഞിരുന്നതേയുണ്ടായിരുന്നുള്ളു.

എന്തോ ചതിയുണ്ടെന്ന് മനസിലാക്കിയതോടെ അവിടെയുണ്ടായിരുന്ന മറ്റ് ലീഡര്‍മാര്‍ ദാസിനെ തിരക്കി സ്റ്റേഷനിലെത്തി. എന്നാല്‍ അവരില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സ്റ്റേഷനില്‍ പിടിച്ചുവച്ചു. ഇതോടെ ഈ കൊലപാതകം കെട്ടിവയ്ക്കാനുള്ള ഗൂഢാലോചനകള്‍ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായി. ഉച്ചയോടെ സംഘടനയുടെ അനുഭാവിയും അഭിഭാഷകനുമായ അഡ്വ.. അശോകന്‍ വര്‍ക്കല സി.ഐ കാണാന്‍ ചെന്നു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ അപ്പോഴെക്കും അവിടെ നിന്ന് മാറ്റിയിരുന്നു. വര്‍ക്കല സി ഐ ഓഫീസില്‍ ഇരിക്കുകയായിരുന്ന അഡ്വ. അശോകനെ ആറ്റിങ്ങള്‍ ഡി.വൈ.എസ്.പിയും  വര്‍ക്കല സി.ഐയും ചേര്‍ന്ന് മര്‍ദ്ദിച്ചു. പെട്ടെന്ന് മര്‍ദ്ദികക്കുന്നതുകണ്ട് വക്കീലിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി.

വക്കീലിനെയും മറ്റ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മാറ്റിയ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ പോലിസുകാര്‍ മാറി മാറി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. അഡ്വ. അശോകനെയും ക്രൂരമായി മര്‍ദ്ദിച്ചു. വര്‍ക്കലയില്‍ ഉണ്ടായിരുന്ന പ്രധാന പ്രവര്‍ത്തകരും നേതാക്കളുമെല്ലാം പോലിസ് കസ്റ്റഡിയിലായിരുന്നു. ജാമ്യമെടുക്കാന്‍ വന്ന അഭിഭാഷകനും കസ്റ്റഡിലായി.

വര്‍ക്കലയില്‍ പ്രഭാത സവാരിക്കാരന്‍ വെട്ടേറ്റ് മരിച്ച സംഭവം അജ്ഞാത സംഘത്തിന്റെ കൊലപാതമായി ആദ്യദിവസം (23ന്) ചാനലുകള്‍ ആഘോഷിച്ചു. 2009 സെപ്തബര്‍ 24 ന് കൊലപാതക വാര്‍ത്തയുമായി പുറത്തിറങ്ങിയ മനോരമയും മാതൃഭൂമിയും ഒരു പോലെ വാര്‍ത്തയക്കവസാനം ഒരു വരി ചേര്‍ത്തു. ” കൊലപാതകത്തിനു പിന്നില്‍ വര്‍ക്കലയിലെ ശക്തമായ ഒരു സംഘടനയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്” മിക്ക പത്രങ്ങളും ഈ സുചനയോടെ വാര്‍ത്ത അവസാനിപ്പിച്ചിരിക്കുന്നു. പ്രദേശിക പേജില്‍ ഡി.എച്ച്.ആര്‍.എം ആണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥാപിക്കുന്ന വാര്‍ത്തകള്‍ എഴുതി. മംഗളം ദിനപത്രം അരപേജ് കൊളാഷ് വാര്‍ത്ത നല്‍കിയെഴുതിയത്, “നിരന്തര അക്രമണം ഒടുവില്‍ കൊല എന്നായിരുന്നു”.

2009 സെപ്തം 24 രാവിലെ പത്ത് മണി

ദാസ് കെ വര്‍ക്കലയുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ കള്ളേക്കേസില്‍ കുടുക്കാന്‍ നീക്കം എന്നാരോപിച്ച് നുറ് കണക്കിന് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ കഴിഞ്ഞു പോയ നിരവധി പ്രവര്‍ത്തകരെ പല സ്ഥലങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. സെപ്തംബര്‍ ഇരുത്തിനാല്, ഉച്ചക്ക് രണ്ടുമണി പ്രധാന വാര്‍ത്താ ചാനലുകളില്‍ സംസ്ഥാനത്ത് പുതിയ തീവ്രവാദ സംഘടനയെന്ന ബ്രേക്കിങ് ന്യൂസ്. അന്നിറങ്ങിയ എല്ലാ സായ്ഹാന പത്രങ്ങളിലെയും പ്രധാന വാര്‍ത്ത സംസ്ഥാന ദലിത് തീവ്രവാദ സംഘടന എന്ന തലക്കെട്ടായിരുന്നു.  എല്ലാ പത്രങ്ങളിലും ഒരു പോലയുളള വരികളും വാര്‍ത്തകളും. രാവിലെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന ധര്‍ണയുടെ ചിത്രങ്ങളായിരുന്നു ചാനലുകള്‍ ആഘോഷമായി തീവ്രവാദ സംഘടനയായി ചിത്രീകരിക്കാന്‍ ഉപയോഗിച്ചത്. അന്ന് രാത്രി വര്‍ക്കലയിലെ മുഴുവന്‍ ദലിത് കോളനികളിലും ഭികരമായി പോലീസും സി.പി.ഐ.എമ്മും ശിവസേനയും ചേര്‍ന്ന് അക്രമം നടത്തി. സംശയിക്കുന്നവരെയൊക്കെ പോലീസിനെ ഏല്‍്പ്പിച്ചു. ക്രുരമായ മര്‍ദ്ദനങ്ങളും പോലീസ് തേര്‍വാഴ്ച്ചയും. പല ദലിത് കേളിനികളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ പാലായനം ചെയ്തു.

സെപ്തംബര്‍ 25 മുതല്‍ തുടര്‍ച്ചയായി ദിലിത് തീവ്രവാദ സംഘടനകളെ കുറിച്ച് മാധ്യമങ്ങളില്‍  കഥകള്‍ നിറഞ്ഞു. വാര്‍ത്താ ചാനലുകളും പത്രങ്ങളും മത്സരിച്ച് കഥകളെഴുതി. മാധ്യമ ശ്രദ്ധനേടാന്‍ ഈ സംഘടനയാണ് വര്‍ക്കലയില്‍ കൊല നടത്തിയതെന്ന് യാതൊരു തെളിവുകളുമില്ലാതെ എല്ലാ മാധ്യമങ്ങളും ഒരു പോലെ പറഞ്ഞു.

സംസ്ഥാനത്ത് കറുത്ത തൊലിയുള്ളവരൊക്കെ തീവ്രവാദികളായി. അടുത്ത ദിവസങ്ങില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പല പ്രവര്‍ത്തകരെയും ഒളിവില്‍ നിന്ന് പിടിച്ചതായി പോലിസ് അവകാശപ്പെട്ട് വാര്‍ത്തകള്‍പടച്ചു. മാധ്യമങ്ങളുടെ കള്ള പ്രചരണത്തില്‍ സംസ്ഥാന വ്യാപകമായി ദലിത് കോളനികള്‍ ആക്രമിക്കപ്പെട്ടു. ഡി.എച്ച്.ആര്‍.എമ്മിന്റെ നിരവധി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദനമേറ്റുവാങ്ങി. എറണാകുളം കളക്ട്രേറ്റിലെ സ്‌ഫോടനം മുതല്‍ കൊല്ലം കൊടതി കത്തിക്കല്‍ വരെയുള്ള കേസുകള്‍ ദലിത് തീവ്രവാദത്തിന്റെ സൃഷ്ടിയായി ചിത്രീകരിച്ചു. നിരവധി പ്രവര്‍ത്തകരെ മുന്നാം മുറയ്ക്ക വിധേയരാക്കി.

ഡി.എച്ച്.ആര്‍.എമ്മിന്റെ സംസ്ഥാന സെക്രട്ടറി, ചെയര്‍മാന്‍, അഡൈ്വക്കറ്റ് സംസ്ഥാന സമിതി അംഗങ്ങള്‍ തുടങ്ങി 16 പേരെ പോലീസ് പ്രതി ചേര്‍ത്തു  കുറ്റ പത്രം സമര്‍പ്പിച്ചു. കൊലയ്ക്കപയോഗിച്ച ആയുധം തെളിവായി ഹാജരാക്കാന്‍ കഴിഞ്ഞില്ല. കുറ്റപത്രത്തിലും മാധ്യമ ശ്രദ്ധ നേടാന്‍ എന്ന മണ്ടന്‍ ന്യായം ആവര്‍ത്തിച്ചു.

ഇപ്പോള്‍ എവിടെ ദലിത് തീവ്രവാദം?

തീവ്രവാദത്തെ കുറിച്ച് വാര്‍ത്തയെഴുതിയ മാധ്യമങ്ങള്‍ മാളത്തിലൊളിച്ചു. രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനയെന്ന് വീമ്പിളക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ പഴിചാരി നിശബ്ദരായി.തിരഞ്ഞെടുപ്പില്‍ മത്സരിച്ച്  നിരവധി പൊതുപരിപാടികള്‍  നിരന്തരമായി സംഘടിപ്പിച്ച സംഘടന മാധ്യമ ശ്രദ്ധനേടാന്‍ ഒരാളെ വെട്ടിക്കൊല്ലുമോ? ശ്രദ്ധ നേടാനാണെങ്കില്‍ ആ സംഘടന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതല്ലേ അങ്ങിനെ ഉണ്ടായിട്ടില്ല.

വര്‍ക്കല കൊലയ്ക്ക് ശേഷമാണ് ഈ സംഘടനയെ കുറിച്ച് അറിയുന്നത് എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍ പ്രാദേശിക പേജുകളില്‍ നിരന്തരം വന്ന വാര്‍ത്തകളെ കുറിച്ച് ഇവര്‍ നിശബ്ദരായത് എന്തിന്? കൊല്ലപ്പെട്ട ശിവപ്രസാദിന്റ കുടുംബത്തിന് സര്‍ക്കാര്‍ ലക്ഷങ്ങല്‍ നല്‍കി. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്ന വ്യക്തിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ദുരിതാശ്വാസ സഹായങ്ങള്‍ വരെ വര്‍ഷങ്ങള്‍ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ ഇവര്‍ക്ക് മൂന്നാം മാസം മന്ത്രിസഭ സഹായം പ്രഖ്യാപിച്ച് കൈമാറി. (ഈ കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെടരുത് എന്ന ഉറപ്പോടെ)

കേസ് അന്വേഷിച്ച ഡി.വൈ.എസ്.പിക്ക് സംസ്ഥാനത്തെ മികച്ച പോലീസ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. കേസില്‍ പുരന്വേഷണം വേണമെന്ന് ഡി.എച്ച്.ആര്‍.എമ്മിന്റെ ആവശ്യം എന്ത് കൊണ്ട് സര്‍ക്കാര്‍ തള്ളി? സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ എന്തിനാണ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.?

കൊല്ലപ്പെട്ട ശിവപ്രസാദ് നേരത്തെ പല തവണ അക്രമിക്കപ്പെട്ടത് എന്തിനാണ് മറച്ച് വച്ചത്.? വീട്ടുകാര്‍ ആര്‍ക്കെതിരായാണ് പരാതി നല്‍കിയത്.? വര്‍ക്കലയില്‍ ശക്തമായ മണല്‍ മാഫിയക്കെതിരെ നിരവധി പരാതികള്‍ നല്‍കിയ വ്യക്തിയാണ് കൊല്ലപ്പെട്ട ശിവപ്രസാദെന്ന് മാധ്യമങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല.? കൊല്ലം കോടതി കത്തിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ എന്ത് കൊണ്ട് പാതി വഴിയ്ക്ക് അവസാനിപ്പിച്ചു?

ഈ ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക. പോലിസ് മര്‍ദ്ദനങ്ങളില്‍ ഇന്നും ജീവച്ഛവമായി കഴിയുന്ന നൂറുകണക്കിന് ചെറുപ്പക്കാരുടെ ജീവിതം മാത്രമാണ് ഇപ്പോഴുള്ള ഉത്തരം. ഡി.എച്ച്.ആര്‍.എം ഇപ്പോഴും ആവശ്യപ്പെടുന്നത് തങ്ങള്‍ തീവ്രവാദികളാണെങ്കില്‍ തെളിവ് നിരത്തി ശിക്ഷിക്കു എന്നാണ്. വര്‍ക്കല കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ സംഘടന പിരിച്ചുവിടാം. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒരു തെളിവ് മാധ്യമങ്ങള്‍ വഴി പുറത്ത് വിടട്ടെ.

സംഘടിതമായ ദലിത് മുന്നേറ്റത്തെ തകര്‍ക്കാനുള്ള സി.പി.ഐ.എമ്മിന്റെയും സംഘപരിവാരത്തിന്റെയും ഗൂഢാലോചനകള്‍ക്ക് കേരളത്തിലെ മാധ്യമങ്ങളും ഓശാന പാടുകയായിരുന്നു. തങ്ങള്‍ക്കെതിരായി വളരുന്ന ശക്തിയെ ഇല്ലാതാക്കാന്‍ ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപേയാഗിച്ച് സി.പി.ഐ.എമ്മിന്റെ ബുദ്ധിപൂര്‍വ്വമായ തന്ത്രമായിരുന്നു ദലിത് തീവ്രവാദമെന്ന് കേരളം തിരിച്ചറിയുന്നു.