Entertainment news
ആ ചിത്രത്തിലേക്ക് ടൊവിനോയെ ഒഴിവാക്കി ഞാന്‍ ആന്‍സണെ തെരഞ്ഞെടുത്തു; അവനിപ്പൊ ഒരു സൂപ്പര്‍സ്റ്റാറായി: ബൈജു ഏഴുപുന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 27, 01:16 pm
Sunday, 27th February 2022, 6:46 pm

നടനായും നിര്‍മാതാവായും സംവിധായകനായും മലയാളസിനിമയില്‍ തിളങ്ങുന്ന ആളാണ് ബൈജു ഏഴുപുന്ന. ഒരുപിടി മികച്ച വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സ്വീകാര്യനായി മാറിയത്.

2103ല്‍ പാര്‍വതി ഓമനക്കുട്ടന്‍, ആന്‍സണ്‍ പോള്‍ എന്നിവരഭിനയിച്ച കെ.ക്യു എന്ന സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹമായിരുന്നു.

കെ.ക്യുവിലേക്ക് അഭിനേതാക്കളെ തിരഞ്ഞ് ഓഡീഷന്‍ നടത്തിയതും ടൊവിനോ തോമസ് ഓഡീഷന് വന്നതുമായ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ ബൈജു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

”കെ.ക്യുവിന്റെ ഓഡീഷന് ടൊവിനോയും ആന്‍സണ്‍ പോളുമാണ് അന്ന് വന്നത്. അന്ന് ടൊവി ഫിലിമിലേക്ക് വരുന്നതേ ഉള്ളൂ. ഞാന്‍ ആന്‍സണ്‍ പോളിനെ സെലക്ട് ചെയ്തു.

ടൊവി പറയും, ചേട്ടന്‍ അന്ന് എന്നെ സെലക്ട് ചെയ്തില്ല, എന്ന്. പക്ഷെ ടൊവി ഇന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ ഇമേജിലെത്തി.

നെഗറ്റീവ് ഷേഡുള്ള ഒരു ക്യാരക്ടറായിരുന്നു അത്. ശരിക്കും കെ.ക്യുവിലെ ഹീറോ എന്ന് പറയുന്നത് തന്‍സീര്‍ എന്ന് പറഞ്ഞ ഞാന്‍ ചെയ്ത ക്യാരക്ടറാണ്.

അപ്പൊ ആന്‍സണ്‍ പോളില്‍ ആ ഒരു നെഗറ്റീവ് ഷേഡുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ആന്‍സണെ തെരഞ്ഞെടുത്തത്,” ബൈജു ഏഴുപുന്ന പറഞ്ഞു.

സിനിമയില്‍ ഒരുപാട് പേര്‍ന്ന് ഉയര്‍ന്ന് വരുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ജയസൂര്യയുമായൊക്കെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

”ഞാനിപ്പോള്‍ 30 വര്‍ഷം കഴിഞ്ഞു സിനിമയില്‍. എനിക്ക് തോന്നുന്നു ഒരുപാട് പേര്‍ നമ്മുടെ കണ്‍മുന്നിലൂടെ വലിയ വിജയത്തിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. വലിയ സന്തോഷമാണ് അത് കാണുമ്പോള്‍.

 

ജയസൂര്യയാണെങ്കിലും എനിക്ക് അഭിനയിക്കുന്നതിന് മുമ്പേ ഉള്ള ബന്ധമാണ്. കോട്ടയം നസീറിന്റെ കൂടെ മിമിക്‌സ് കളിച്ച് നടക്കുന്ന സമയം മുതലുള്ള ബന്ധമാണ്.

അതുപോലെ കൈലാഷ്, വിനയ് ഫോര്‍ട്ട് ഒക്കെ അങ്ങനെയാണ്. വിനയ് ഫോര്‍ട്ടൊക്കെ, സിനിമയില്‍ അഭിനയിക്കണം ചേട്ടാ ഒരു റോള്‍ താ, എന്നുപറഞ്ഞ് ഫോട്ടോ കൊണ്ട് എന്റെ വീട്ടില്‍ വന്നിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlight: Baiju Ezhupunna about Tovino Thomas and Anson Paul