മനാമ: ബഹ്‌റൈനിന്റെ ഫ്ജിരി സംഗീതപരിപാടിയെ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
ബഹ്‌റൈനിലെ ജനങ്ങളും കടലും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ സംഗീതപരിപാടി എന്നാണ് പൊതുവെയുള്ള വിശ്വാസം. രാജ്യമെമ്പാടുമുള്ള വിവിധ ആഘോഷപരിപാടികളില്‍ ഫ്ജിരി അവതരിപ്പിക്കാറുണ്ട്.
പേള്‍ ഡൈവിങ്ങിന്റെ ചരിത്രത്തിന്റെ സ്മരണാര്‍ത്ഥമാണ് ഫ്ജിരി അവതരിപ്പിക്കുന്നത്.
ബഹ്‌റൈന്‍ പൈതൃക പട്ടികയിലേക്കുള്ള അവരുടെ നോമിനേഷന്‍ യുനെസ്‌കോയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് യുനെസ്‌കോ പുതിയ ഹെറിറ്റേജ് ലിസ്റ്റ് പുറത്തുവിട്ടത്.
വിവിധ രാജ്യങ്ങളില്‍ നിന്നും ആകെ 48 നോമിനേഷനുകളായിരുന്നു യുനെസ്‌കോയ്ക്ക് ലഭിച്ചത്. യുനെസ്‌കോയുടെ വാര്‍ഷിക യോഗത്തില്‍ വെച്ചാണ് പൈതൃക പട്ടിക സംബന്ധിച്ച് തീരുമാനമെടുത്തത്.
”19ാം നൂറ്റാണ്ടിലേക്കാണ് ഇതിന്റെ ചരിത്രം പോകുന്നത്. കടലില്‍ നിന്ന് മുത്ത് വാരുന്ന മുങ്ങല്‍ വിദഗ്ധരായിരുന്നു കടലില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും പ്രകടിപ്പിക്കുന്നതിന് ഇത് പരമ്പരാഗതമായി പെര്‍ഫോം ചെയ്തിരുന്നത്.
അവതരിപ്പിക്കുന്നവര്‍ വട്ടത്തില്‍ ഇരുന്ന് പാട്ട് പാടുകയും വിവിധ തരത്തിലുള്ള ഡ്രംസ് വായിക്കുകയും ചെയ്യും. വട്ടത്തിന്റെ നടുവില്‍ നര്‍ത്തകരും പ്രധാന പാട്ടുകാരനും ഉണ്ടായിരിക്കും,” ഫ്ജിരിയെക്കുറിച്ച് യുനെസ്‌കോ അവരുടെ വെബ്‌സൈറ്റില്‍ പറഞ്ഞു.
അറബിക് കാലിഗ്രഫിയും പുതിയ ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈന്‍ അടക്കം 16 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളാണ് അറബിക് കാലിഗ്രഫി നോമിനേറ്റ് ചെയ്തത്.