ഡി.സി.സി ട്രഷററുടെ ആത്മഹത്യ; ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് കെ.പി.സി.സി
Kerala News
ഡി.സി.സി ട്രഷററുടെ ആത്മഹത്യ; ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് കെ.പി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2025, 9:58 pm

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എം.എന്‍ വിജയന്റെ ആത്മഹത്യയും തുടര്‍ന്നുയര്‍ന്ന ആരോപണങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി സമിതിയെ നിയോഗിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, കെ.ജയന്ത്, ടി.എന്‍. പ്രതാപന്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് കെ.പി.സി.സിയുടെ നടപടി.

ആത്മഹത്യ കുറിപ്പില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാമര്‍ശമുന്നയിച്ചിരുന്നു. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ഉണ്ടെന്നാണ് വിവരം.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ പറയുന്നുണ്ട്.

ബത്തേരി കാര്‍ഷിക ബാങ്ക്, ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് എന്നീ രണ്ട് ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങിയെങ്കിലും നിയമനം നടത്താന്‍ സാധിച്ചില്ല.ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നുംകുറിപ്പില്‍ പറയുന്നുണ്ട്.

വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെ.പി.സി.സി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പ്രിയങ്ക ഗാന്ധി, വി.ഡി. സതീശന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്.

Content Highlight: DCC Treasurer’s Suicide; KPCC has appointed a committee to investigate the allegations